ന്യൂയോർക്ക്: മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പ്രകോപനപരമായ പ്രസ്‌താവനകൾക്ക് പിന്നാലെ ശക്തമായ നടപടികളുമായി യുഎസ്. ആണവ ഭീഷണികളോട് പ്രതികരിക്കാൻ അമേരിക്ക പൂർണ്ണമായും തയ്യാറാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മുൻകരുതൽ നടപടിയായി രണ്ട് യുഎസ് ആണവ അന്തർവാഹിനികൾ റഷ്യയ്ക്ക് അരികിലായി വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്.
യുഎസിന്റെ സമീപകാല ’50 ദിവസം അല്ലെങ്കിൽ 10′ അന്ത്യശാസനങ്ങൾ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള നേരിട്ടുള്ള സംഘട്ടനത്തിലേക്ക് നയിച്ചേക്കാമെന്ന് റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്.ആണവ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ എല്ലാത്തിനും തയ്യാറായിരിക്കണം… നമ്മൾ പൂർണ്ണമായും തയ്യാറാണ്’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഞാൻ അത് ചെയ്യുന്നത്… ഞങ്ങൾ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും’ എന്നാണ് ഏറ്റവും പുതിയ നടപടിയെ കുറിച്ച് ട്രംപ് നൽകിയിരിക്കുന്ന വിശദീകരണം.
മെദ്‌വദേവിന്റെ വളരെ പ്രകോപനപരമായ പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ, ഈ മണ്ടത്തരവും പ്രകോപനപരവുമായ പ്രസ്‌താവനകൾ അതിലുപരിയാവുക ആണെങ്കിൽ രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ പ്രദേശങ്ങളിൽ വിന്യസിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. അവ ഏതൊക്കെ പ്രദേശങ്ങളിലാണ് വിന്യസിച്ചത് എന്ന കാര്യത്തിൽ ട്രംപ് പ്രതികരിച്ചിട്ടില്ല.
‘വാക്കുകൾ വളരെ പ്രധാനമാണ്, അവ പലപ്പോഴും അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും, ഇത് അത്തരം സന്ദർഭങ്ങളിൽ ഒന്നായിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നും ട്രംപ് പറയുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ ശക്തമാവുകയും അത് മോശം അവസ്ഥയിലേക്ക് എത്തുകയും ചെയ്‌തു എന്നതിന്റെ തെളിവാണ് പുതിയ സംഭവ വികാസങ്ങൾ.
യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ വെടിനിർത്തലിനായി യുഎസ് ശ്രമം തുടരുന്നതിനിടെയാണ് ഈ സംഭവികാസങ്ങൾ. ട്രംപ് പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്കോഫിനെ മോസ്കോയിലേക്ക് അയച്ചു, പുതുതായി ചുരുക്കിയ 10 ദിവസത്തെ സമയപരിധിക്കുള്ളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടയിലാണ് മെദ്‌വദേവ് രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നത്. ട്രംപ് രണ്ട് കാര്യങ്ങൾ ഓർമ്മിക്കണം: 1. റഷ്യ ഇസ്രായേലോ ഇറാനോ അല്ല. 2. ഓരോ പുതിയ അന്ത്യശാസനവും ഒരു ഭീഷണിയും യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്പ്പുമാണ്. റഷ്യയ്ക്കും യുക്രൈനും ഇടയിലല്ല, മറിച്ച് സ്വന്തം രാജ്യവുമായാണ്; എന്നായിരുന്നു മെദ്‌വദേവ് മുന്നറിയിപ്പ് നൽകിയത്.
യുക്രൈനിലെ യുദ്ധം രണ്ട് ആണവ വൻശക്തികൾ തമ്മിലുള്ള വിശാലമായ ഏറ്റുമുട്ടലായി പരിണമിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്തർവാഹിനികൾ സ്ഥാനങ്ങൾ ഏറ്റെടുക്കുകയും, സാമ്പത്തിക ഭീഷണികളും ഉപരോധങ്ങളും തുടർക്കഥയാവുകയും ചെയ്‌തതോടെ ആണവായുധ ഭീതിയും പടരുകയാണ്. ഇത് വലിയൊരു യുദ്ധത്തിലേക്കുള്ള തുടക്കമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.