കൊച്ചിയിലെ പ്രസ്റ്റീജ് ഫോറം മാളിലായിരുന്നു കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്‌ലി 2023 ലാണ് ഇവിടെ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ ലുലു ഡെയ്‌ലിയുടെ രണ്ടാമത്തെ പതിപ്പ് കൂടിയായിരുന്നു ഇത്.
2024 ൽ തൃശൂർ ഹൈലെറ്റ് മാളിലും കൊല്ലം ഡ്രീംസ് മാളിലും ലുലു ഡെയ്‌ലി സൂപ്പർമാർക്കറ്റുകൾ അവതരിപ്പിച്ചു. ഇപ്പോഴിതാ കേരളത്തിൽ ഉടനീളം ഡെയ്‌ലി സൂപ്പർ മാർക്കറ്റുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു ഗ്രൂപ്പ് എന്നാണ് റിപ്പോർട്ട്.
ഇതുവരെ ആരംഭിച്ച മൂന്ന് ഡെയിലികളും ലാഭകരമായി മുന്നേറുകയാണ്. കൊച്ചു സ്റ്റോറുകളിലൂടെ വലിയ വിജയം നേടുന്ന പരീക്ഷണമാണ് ലുലു വിജയക്കൊടി പാറിച്ചത്. ഈ സാഹചര്യത്തിലാണ് കേരളത്തിലൊട്ടാകെ ലുലു ഡെയ്‌ലി വ്യാപിപ്പിക്കാനും വിപുലമാക്കാനുള്ള പദ്ധതികളുമായി ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ന്യായമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലുലു ഡെയിലിയൂടെ ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
അതേസമയം മലപ്പുറം ജില്ലയിലൊരുങ്ങുന്ന പുതിയ മാളുകളിൽ ഒന്ന് ഓണത്തിന് തുറന്നേക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. നിലവിൽ പെരിന്തല്‍മണ്ണ, തിരൂർ എന്നിവിടങ്ങളിലായി രണ്ട് മാളുകളാണ് ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നത്. മാളുകളുടെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഈ വർഷം തന്നെ മാളുകളുടെ ഉദ്ഘാടനം നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. പെരിന്തൽമണ്ണയിൽ 3.5 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് മാൾ തയ്യാറാക്കുന്നത്. ആകെ നാല് നിലകളിലാണ് മാൾ. 600 പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഫുഡ് കോർട്ടും ഹൈപ്പർ മാർക്കറ്റുമൊക്കെ മാളിന്റെ ഭാഗമായിരിക്കും. ജില്ലയിലെ തന്നെ തിരൂരിലും ലുലു മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തിരൂരിൽ കുറ്റിപ്പുറം റോഡിൽ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാൾ നിർമാണം നടക്കുന്നത്. എന്നാൽ ഇവിടെ കോട്ടയത്തുള്ളത് പോലെ മിനി മാൾ ആണ് തുറക്കുക.
നിലവിൽ 5 ലുലു മാളുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കോഴിക്കോട്, കൊച്ചി, പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മാളുകൾ ഉള്ളത്. ഇതിൽ കോട്ടയത്ത് തുറന്നത് മിനി മാൾ ആണ്. വൈകാതെ തന്നെ കൊല്ലത്ത് കൂടി പുതിയ മാൾ വരുമോയെന്നാണ് കൊല്ലത്തുക്കാർ ഉറ്റുനോക്കുന്നത്. പത്തനാപുരത്തേക്ക് ലുലു എത്തിക്കാനുള്ള ശ്രമങ്ങൾ സ്ഥാലം എംഎൽഎയും മന്ത്രിയുമായ ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്. ചർച്ചകൾ 98 ശതമാനം വിജയകരമായിരുന്നുവെന്ന് നേരത്തേ ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. പത്തനാപുരം പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സെന്‍ട്രല്‍ മാളിലേക്ക് ലുലു ഹൈപ്പർമാർക്കറ്റ് ആണ് ഗണേഷ് കുമാർ ലക്ഷ്യം വെയ്ക്കുന്നത്. വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് സെന്‍ട്രല്‍ മാളിനുള്ളില്‍ വന്നാൽ ഷോപ്പിംഗ് കോംപ്ലക്സ് വലിയ വിജയമായി മാറും. അതേസമയം ലുലു ഗ്രൂപ്പ് ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം പുതിയ ഡെയ്ലികളും മാളുകളും വരുന്നത് നിരവധി തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.