1222 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 17-ന് നടന്ന എട്ടാമത് സംസ്ഥാനതല ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് യോഗം 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരവും നല്കി കഴിഞ്ഞു. വിശാഖപട്ടണത്തിന് പുറമെ വിജയവാഡയിലുമാണ് കമ്പനി ആദ്യഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജയവാഡയില്‍ നഗരപരിധിക്കുള്ളിൽ ഭൂമി ലഭ്യമല്ലാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിജയവാഡയിലെ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ലുലു ഷോപ്പിംഗ് മാളിന്റെ പ്രതിനിധികൾ കഴിഞ്ഞ മാസം എത്തേണ്ടതായിരുന്നെങ്കിലും യോഗം മാറ്റിവെച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിന് പുറത്ത് പദ്ധതികൾ സ്ഥാപിക്കാൻ നിക്ഷേപകർ സാധാരണയായി താൽപര്യം കാണിക്കാറില്ല എന്നതിനാല്‍ തന്നെ നഗരത്തിനുള്ളില്‍ തന്നെ ഭൂമി കണ്ടെത്താന്‍ തീവ്രശ്രമമാണ് നടക്കുന്നത്.
മാളിനായി മൂന്ന് സ്ഥലങ്ങലാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. പോലീസ് കൺട്രോൾ റൂമിന് സമീപമുള്ള പഴയ ബസ് സ്റ്റാൻഡിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (APSRTC) ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമി, ഗൊല്ലപുടിയിൽ എൻഡോവ്മെന്റ്സ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, പട്ടാമറ്റയിൽ ആന്ധ്രാപ്രദേശ് മാർക്ഫെഡിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഭൂമി എന്നിവയാണ് പരിഗണനയിലുള്ളത്.
അവർക്ക് ഏകദേശം അഞ്ച് ഏക്കർ ഭൂമി ആവശ്യമാണ്, നിർദ്ദേശിക്കപ്പെട്ട മൂന്ന് സ്ഥലത്തും അഞ്ച് ഏക്കർ ലഭ്യമാണ്” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതി ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് പ്രായോഗിക തലത്തിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി, തന്റെ എക്സ് ഹാൻഡിലിൽ, വിശാഖപട്ടണത്ത് എട്ട് സ്ക്രീനുകളുള്ള ഒരു IMAX മൾട്ടിപ്ലെക്സോട് കൂടിയ അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് മാൾ, വിജയവാഡയിൽ ആധുനിക ഫുഡ് പ്രോസസിംഗ്, ലോജിസ്റ്റിക്സ് സെന്ററുകളോട് കൂടിയ ഹൈപ്പർമാർക്കറ്റുകൾ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പുതിയ പദ്ധഥി സംബന്ധിച്ച വാർത്ത, പ്രത്യേകിച്ച് യുവാക്കൾക്കിടയിലും നഗരവാസികൾക്കിടയിലും സന്തോഷം പകർന്നിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങളിൽ നിന്ന് ഭൂമി സംബന്ധിച്ച് ശക്തമായ എതിർപ്പും ഉയർന്നിട്ടുണ്ട്. ആർ ടി സിയുടെ ഭൂമിയിൽ മാൾ നിർമിക്കാനുള്ള സർക്കാർ നിർദ്ദേശത്തെ സി പി എമ്മും വൈ എസ് ആർ സി പി പാർട്ടി നേതാക്കളും ശക്തമായ രീതിയില്‍ വിമർശിക്കുന്നു. ഇവിടെ പൊതുഗതാഗത അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സി പി എം അവർ ആവശ്യപ്പെടുന്നത്.
എപിഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി, ഗവർണർപേട്ട് ഡിപ്പോ-2, പഴയ ബസ് സ്റ്റാൻഡ് ഭൂമികൾ ലുലു ഗ്രൂപ്പിന് നൽകാനുള്ള നിർദ്ദേശം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായി സംസ്ഥാനം ആർടിസി ഭൂമികൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുകയാണെന്ന് ആരോപിച്ച് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ച. സുന്ദരയ്യ, ജനറൽ സെക്രട്ടറി എം. അയ്യപ്പ റെഡ്ഡി എന്നിവരും രംഗത്ത് വന്നു.
ആർ ടി സി ഡിപ്പോ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരാമർശിച്ച്, ഏകദേശം ഏഴ് വർഷം മുമ്പ് ഗന്നവരത്തെ വിമാനത്താവളത്തിന് സമീപമുള്ള ആർ ടി സി ട്രാൻസ്പോർട്ട് അക്കാദമിയും സോണൽ ട്രെയിനിംഗ് കോളേജും പൊളിച്ച് ആ ഭൂമി ശിവ് നാദറിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് നൽകിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വാഗ്ദാനം ചെയ്ത പകരം ഭൂമി ഇതുവരെ ആർ ടി സിക്ക് അനുവദിച്ചിട്ടില്ല. പൊതു സ്വത്തുക്കൾ കുറഞ്ഞ വിലയ്ക്ക് കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറുന്നത് പൊതുമേഖലയെ സ്വകാര്യവത്കരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു.
ആർ ടി സി പ്രവർത്തനങ്ങൾ ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (GCC) മോഡലിൽ സ്വകാര്യ കളിക്കാർക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിനെതിരെയും ഫെഡറേഷൻ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഈ നീക്കം ഉപേക്ഷിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
മറ്റ് സ്ഥലത്തെ ഭൂമികള്‍ ലുലുവിന് അനുവദിക്കുന്നതിലും എതിർപ്പുകള്‍ ശക്തമാണ്. വിശാഖപട്ടണത്തെ ഭൂമി സംബന്ധിച്ചും ചില തർക്കങ്ങള്‍ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. മുന്‍ ടി ഡി പി സർക്കാർ 2018 ല്‍ ലുലുവിന് വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചിരുന്നെങ്കിലും പിന്നാലെ വന്ന ജഗന്മോഹന് റെഡ്ഡി സർക്കാർ ഭൂമി ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് കരാർ റദ്ദാക്കി. പിന്നീട് അടുത്തിടെ ടിഡിപി വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ആന്ധ്രയിലെ ലുലിവിന്റെ പദ്ധതികളക്ക് ജീവന് വെക്കുന്നത്. ഇതാണ് ഇപ്പോള്‍ ഭൂമി സംബന്ധിച്ച പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്