26 in Thiruvananthapuram

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം; മൂന്ന് മരണം, 10 പേർക്ക് പരിക്ക്

Posted by: TV Next May 7, 2025 No Comments

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച്-രാജൗരി മേഖലയിലെ ഭീംബർ ഗാലിയിൽ ബുധനാഴ്‌ച പുലർച്ചെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്ന് മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണത്തിലൂടെ പ്രതികരിച്ചത്.

ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ സൈന്യം രാത്രി മുഴുവൻ കനത്ത വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയതായി പ്രതിരോധ വൃത്തങ്ങൾ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു. ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം അതേനാണയത്തിൽ തന്നെ മറുപടി നൽകുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മെയ് 6, 7 തീയതികളിലെ രാത്രിയിൽ, ജമ്മു കശ്‌മീരിന് എതിർവശത്തുള്ള എൽ‌ഒ‌സിയിലും ഐ‌ബിയിലും ഉള്ള പോസ്‌റ്റുകളിൽ നിന്ന് പാകിസ്ഥാൻ സൈന്യം പീരങ്കി ഷെല്ലാക്രമണം ഉൾപ്പെടെയുള്ള ഏകപക്ഷീയമായ വെടിവയ്പ്പ് നടത്തിയിരുന്നു’ എന്നാണ് ഇന്ത്യൻ ആർമി വൃത്തങ്ങൾ അറിയിച്ചത്. കൊല്ലപ്പെട്ട മൂന്ന് പേരും സാധാരണക്കാരാണ്

പാകിസ്ഥാന്റെ വിവേചനരഹിതമായ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നിരപരാധികളായ സാധാരണക്കാർക്ക് ജീവൻ നഷ്‌ടപ്പെട്ടു’ ഇന്ത്യൻ സൈന്യവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ജില്ലയിലെ മാൻകോട്ട് പ്രദേശത്ത് വീടിന് നേരെയുണ്ടായ മോർട്ടാർ ഷെൽ ആക്രമണത്തിൽ മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു, ഇവരുടെ പതിമൂന്ന് വയസുള്ള മകൾ പരിക്കേറ്റ് ചികിത്സയിലാണ്.

പൂഞ്ചിലെ വിവിധ മേഖലകളിലായി പാകിസ്ഥാൻ നടത്തിയ തീവ്രമായ ഷെല്ലാക്രമണത്തിൽ ഒമ്പത് സാധാരണക്കാർക്ക് കൂടി പരിക്കേറ്റതായും അവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. അതിർത്തിയിലെ വിവിധ മേഖകളിൽ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തുന്നത്

ഇന്ന് പുലർച്ചെയും ഇന്നലെ രാത്രിയുമായി പൂഞ്ചിലെ കൃഷ്‌ണ ഘാട്ടി, ഷാപൂർ സെക്‌ടറുകളിലും, ജമ്മു മേഖലയിലെ രജൗരി ജില്ലയിലെ ലാം, മഞ്ചകോട്ട്, ഗംബീർ ബ്രാഹ്മണ എന്നിവിടങ്ങളിലും, വടക്കൻ കശ്‌മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലെ കർണ്ണ, ഉറി സെക്‌ടറുകളിലും അതിർത്തിക്കപ്പുറത്ത് നിന്ന് കനത്ത ഷെല്ലാക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

അതിർത്തി കാക്കുന്ന ഇന്ത്യൻ സുരക്ഷാ സേനയും ഇതിനെതിരെ തിരിച്ചടിച്ചു, അവസാന റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഇരുവിഭാഗവും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാക് ഷെല്ലാക്രമണത്തെ തുടർന്ന് ജമ്മുവിലെ ഭൂരിഭാഗം പേരെയും ഭൂഗർഭ ബങ്കറുകൾ അടക്കമുള്ള ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.