ബൈക്കുകളായാൽ ഗിയർബോക്‌സ് വേണമെന്ന ചിന്താഗതിയുള്ളവരാണ് പലയാളുകളും. വാഹനങ്ങളുടെ കാര്യത്തിൽ അങ്ങനെ സങ്കൽപ്പങ്ങളൊന്നും പൊളിച്ചെഴുതാൻ മനുഷ്യർ അത്രവേഗം തയാറാവുകയുമില്ല. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ സജീവമായതോടെ മോട്ടോർസൈക്കിളുകളും വൈദ്യുതീകരണത്തിന്റെ ഭാഗമാവുകയുണ്ടായി. എങ്കിലും ഗിയറില്ലാതെ സ്‌കൂട്ടർ പോലെ ഓടിക്കാൻ പലരും മനസുകൊണ്ട് പാകമായിരുന്നില്ല. എന്നാൽ ഇത്തരക്കാരെ ചാക്കിലാക്കാനായി പിറവികൊണ്ട മോഡലാണ് മാറ്റർ ഏറ. അതായത് ഗിയർബോക്‌സുള്ള ലോകത്തിലെ ഏറ്റവും ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായിരുന്നു ഇത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ പേര് ആഗോളതലത്തിൽ തന്നെ എത്താൻ ഈയൊരു ഒറ്റക്കാര്യം തന്നെ മതിയല്ലോ.
വിപണിയിൽ അവതരിപ്പിച്ചിട്ട് കാലം ഇമ്മിണിയായെങ്കിലും ഇതുവരെ നിരത്തിലേക്കിറങ്ങി കണ്ടില്ലല്ലോയെന്ന് ചിന്തിക്കുന്നവരായിരിക്കും അധികവും അല്ലേ. എന്നാൽ തുടക്കത്തിൽ മെട്രോ നഗരമായ ബെംഗളൂരുവിൽ മാത്രമാണ് കമ്പനി ഏറ ഇവിയുടെ ഡെലിവറി ആരംഭിച്ചിരുന്നത്. അടുത്തിടെ കൂടുതൽ നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിച്ച കമ്പനി ഇപ്പോഴിതാ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്
1,83,308 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാനാവുക. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിംഗ്‌സ് ഡേയ്‌സ് സെയിലിനൊപ്പമാണ് മാറ്റർ ഏറയുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. വാങ്ങാൻ താത്പര്യമുള്ളവർക്കായി ഇവി നിർമാതാക്കൾ നിരവധി ആമുഖ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് രസകരമായ കാര്യം. ഇതിന്റെ ഫലമായി മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന് 39,827 രൂപ വരെയുള്ള ഒന്നിലധികം കിഴിവുകളും ആനുകൂല്യങ്ങളും ആളുകൾക്ക് ഉപയോഗപ്പെടുത്താനാവും.
ഇതിൽ പ്രത്യേക ലോഞ്ച് വില, ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള പ്ലാറ്റ്‌ഫോം ഡിസ്‌കൌണ്ട്, പരിമിതമായ കാലയളവിലേക്കുള്ള ക്രെഡിറ്റ് കാർഡ് ഓഫറുകൾ എന്നിവയെല്ലാമാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടോപ്പ് സ്പെക്ക് മാറ്റർ ഏറ 5000+ ഇലക്ട്രിക് മോട്ടോർസൈക്കിൾ 1,93,826 രൂപയുടെ എക്സ്ഷോറൂം വില മുതൽ ലഭ്യമാണ്. രാജ്യത്ത് നൂതന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിമിതകാല സംരംഭത്തിന്റെ ഭാഗമാണ് ഫ്ലിപ്പ്കാർട്ടിലെ ഈ ഓഫർ എന്ന് മാറ്റർ പറയുന്നു.
ഒപ്പം ഇലക്ട്രിക് മൊബിലിറ്റി സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ ലോഞ്ച് എന്നും മാറ്റർ അഭിപ്രായപ്പെട്ടു. ഇക്കോ, സിറ്റി, സ്‌പോർട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായി ജോടിയാക്കിയ 4-സ്പീഡ് ട്രാൻസ്മിഷൻ ഉൾക്കൊള്ളുന്ന ഒരു മാനുവൽ ഗിയർബോക്‌സുമായാണ് മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.
5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഇലക്ട്രിക് ബൈക്കിന് യഥാക്രമം 1.74 ലക്ഷം രൂപ, 1.84 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത്രയും വില മുടക്കാനില്ലാത്തവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഇപ്പോഴത്തെ ഓഫർ ഉപയോഗപ്പെടുത്താനാവും. ലിക്വിഡ്-കൂൾഡ് സംവിധാനമുള്ല 5 kWh IP67-റേറ്റഡ് ബാറ്ററി പായ്ക്കാണ് ഇതിന്റെ ഹൃദയം. 113.4 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് മാറ്റർ ഏറയുടെ രണ്ട് വേരിയന്റുകളും വരുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ബൈക്കിന് 2.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ മാറ്റർ ഏറയ്ക്ക് 6 സെക്കൻഡ് സമയവും വേണ്ടിവരും. സിംഗിൾ ചാർജിൽ ഇലക്ട്രിക് ബൈക്കിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച് 172 കിലോമീറ്റർ വരെയാണ്. അതായത് 1 കിലോമീറ്റർ ഓടാൻ ഇവിക്ക് വെറും 25 പൈസ മതിയാവും.
ഏത് സ്റ്റാൻഡേർഡ് 5-amp സോക്കറ്റും ഉപയോഗിച്ച് ഏറ ചാർജ് ചെയ്യാമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. നാവിഗേഷൻ, മീഡിയ, കോളുകൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡാണ് മാറ്റർ ഏറയിലെ ശ്രദ്ധാകേന്ദ്രം. ഇതുകൂടാതെ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയും ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മൊഞ്ച് കൂട്ടുന്ന സംഗതികളാണ്.