31 in Thiruvananthapuram

കൊച്ചിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്

Posted by: TV Next April 11, 2025 No Comments

കൊച്ചി: അര്‍ധരാത്രിയില്‍ കൊച്ചിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുമായാണ് സംഘര്‍ഷമുണ്ടായത്. പത്തിലേറെ വിദ്യാര്‍ഥികള്‍ക്കും ഒമ്പത് അഭിഭാഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. അര്‍ധരാത്രി 12 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലുമായാണ് ഇരുവിഭാഗവും തമ്മില്‍ ആക്രമണമുണ്ടായത്

ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന ബാര്‍ അസോസിയേഷന്‍ വാര്‍ഷിക പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. അതേസമയം, കോളജ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അഭിഭാഷകര്‍ വന്ന് പ്രശ്‌നമുണ്ടാകുകയായിരുന്നുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. മദ്യപിച്ച് അഭിഭാഷകര്‍ വിദ്യാര്‍ഥിനികളോട് അടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. അഭിഭാഷകര്‍ ബിയര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആദില്‍ കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം തടയാനെത്തിയ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.