നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്. കേസിൽ പ്രതിഭാഗത്തിന്റെ വിചാരണ പൂർത്തിയായി. ഇനി വാദി ഭാഗത്തിന്റെ വിചാരണ കൂടി തീർന്നാൽ കേസിൽ എത്രയും പെട്ടെന്ന് വിധി വരും. വിചാരണ അവസാന ഘട്ടത്തിലേക്ക് അടുക്കവെയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന്റെ ഈ നടപടിയ്ക്കെതിരെ ഹൈക്കോടതി അതിരൂക്ഷവിമർശനം ഉയർത്തുകയും ആവശ്യം തള്ളുകയും ചെയ്തു. അന്തിമ വിചാരണക്കിടെ എങ്ങനെയാണ് പ്രതിക്ക് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണത്തെ കാണുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിനെ കുറിച്ചും സിബിഐ അന്വേഷണം എന്ന ദിലീപിന്റെ ആവശ്യത്തെ കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് ബി ജെ പി നേതാവ് ടി ജി മോഹൻദാസ്. എബിസി മലയാളം എന്ന ചാനലിനോടാണ് പ്രതികരണം.
മോഹൻദാസിന്റെ വാക്കുകളിലേക്ക് -‘പ്രതിക്ക് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കും. അങ്ങനെ ആവശ്യപ്പെടുന്നത് അപൂർവ്വമാണെന്ന് മാത്രം. സി ബി ഐ അന്വേഷണം വന്നാൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് ദിലീപ് നീങ്ങിയേക്കും, എന്തിനാണ് അത്രയും റിസ്ക് ഏറ്റടെുക്കുന്നത് എന്നാണ് ദിലീപിനോട് കോടതി ചോദിച്ചത്. ദിലീപ് പക്ഷെ പറയുന്നത് ഞാൻ ഒരു ശതമാനം പോലും കുറ്റം ചെയ്തിട്ടില്ല, അതിനാലാണ് എനിക്ക് സി ബി ഐ അന്വേഷണം വേണ്ടതെന്നാണ്. ഇത്രയും കളിച്ചിട്ടും ഒരു റിസൾട്ടും ആയിട്ടില്ല. കഴിഞ്ഞ വർഷം കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞതാണ്. പക്ഷേ തീർന്നില്ല. ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കാൻ പറ്റുമോ?
കേരള പോലീസ് കേസ് അന്വേഷിച്ചതാണല്ലോ, അവരുടെ കൈയിൽ തെളിവുകളും ഉണ്ട്. സിബിഐ വന്നാൽ വേറെയെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോയെന്ന് നോക്കും. അതുകഴിഞ്ഞാൽ കുറ്റപത്രം സമർപ്പിക്കും. സി ബി ഐ വന്നാൽ ആളുകൾക്ക് കുറച്ചൂടെ വിശ്വാസ്യത കൂടും. ഇപ്പോഴും ദിലീപ് ആവർത്തിക്കുന്നത് ഞാൻ കുറ്റക്കാരൻ അല്ലെന്നാണ്. സിബിഐ അന്വേഷിച്ച് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ നല്ല സർട്ടിഫിക്കറ്റ് കിട്ടുമല്ലോ. പക്ഷെ കുറ്റപത്രം കൊടുത്ത് വിചാരണ നടക്കുമ്പോൾ സി ബി ഐ അന്വേഷണം കിട്ടുക പ്രയാസമാണ്.
.2017 ഫെബ്രുവരി 17 നായിരുന്നു കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയായത്. നടന് ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. എട്ടാം പ്രതിയാണ് ദിലീപ്.