ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.
മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്. ബോളിവുഡിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിംഗ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന ആദ്യസൂചനകള്‍.
ഇപ്പോഴിതാ റിലീസിന് ഒരാഴ്ച ഇനിയും ബാക്കി നില്‍ക്കെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനോടകം വലിയൊരു തുക എമ്പുരാന്‍ പോക്കറ്റിലാക്കി കഴിഞ്ഞു എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല എന്നതിനാല്‍ തന്നെ ഇതൊരു സാംപിള്‍ വെടിക്കെട്ടാണ് എന്നാണ് ആരാധകരുടെ പക്ഷം.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടി രൂപയാണ്. വിദേശത്ത് നേരത്തെ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പങ്ക് വെക്കുന്ന വിവരമാണിത്. ബുക്കിംഗ് ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ വലിയ പ്രതികരണമാണ് എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്
നേരത്തെ ഓവര്‍സീസ് റൈറ്റ്സ് തുകയിലും എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്സായി എമ്പുരാന് ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത നേടിയ 15 കോടിയുടെ റെക്കോഡാണ് എമ്പുരാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസില്‍ നിന്ന് ഒരു സിനിമ കൂടി സംഭവിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ഫരീദാബാദ്, അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് എമ്പുരാന്‍ ചിത്രീകരിച്ചത്.
യുഎസില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യക്ക് പുറത്തെ ചിത്രത്തിന്റെ വിതരണം വമ്പന്‍ കമ്പനികളാണ് ഏറ്റെടുത്തിരിക്കുന്നത് എന്നത് തന്നെ എമ്പുരാന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്. യുകെ, യൂറോപ്പ് റൈറ്റ്സ് ആര്‍എഫ്ടി ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നത്. അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ഉത്തരേന്ത്യയില്‍ എമ്പുരാന്‍ എത്തിക്കുന്നത്. കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.