കീവ്: യുക്രൈനുള്ള സൈനിക സഹായങ്ങൾ നിർത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് രാജ്യത്തെ മുതിർന്ന നിയമനിർമ്മാതാവ്. പെട്ടെന്നുണ്ടായ ഈ ചരടുവലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണ് യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റഷ്യൻ ആവശ്യങ്ങൾ നേടിയെടുക്കാൻ, അവരുടെ വഴിയിലേക്ക് യുക്രൈനെ കൊണ്ട് വരാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായി മുതിർന്ന നിയമ നിർമ്മാതാവ് പറഞ്ഞു.
റഷ്യയെ സഹായിക്കാനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും യുക്രൈൻ ആരോപിക്കുന്നു.”ഇപ്പോൾ സഹായം നിർത്തുക എന്നതിനർത്ഥം പുടിനെ സഹായിക്കുക എന്നതാണ്” യുക്രൈൻ പാർലമെന്ററി വിദേശകാര്യ സമിതി അധ്യക്ഷൻ ഒലെക്‌സാണ്ടർ മെറെഷ്‌കോവിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ആദ്യമായാണ് മുതിർന്ന ഉദ്യോഗസ്ഥൻ വിഷയത്തിൽ തുറന്ന അഭിപ്രായ പ്രകടനം നടത്തുന്നത്.
പുറമേ നിന്ന് നോക്കുമ്പോൾ തന്നെ ഇത് വളരെ മോശമായ കാര്യമായി തോന്നുന്നു. റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നു എന്നാണ് ഇതിനർത്ഥം. കീഴടങ്ങളിലേക്ക് അദ്ദേഹം നമ്മെ തള്ളിവിടുന്നതായാണ് തോന്നുന്നത്” മെറെഷ്‌കോ പറയുന്നു. രണ്ടാംവട്ടവും അധികാരമേറ്റെടുത്ത ഡൊണാൾഡ് ട്രംപ് തന്റെ രാജ്യത്തെ വിദേശനയവും മുൻഗണനകളും അപ്പാടെ മാറ്റി മറിക്കുന്ന കാഴ്‌ചയാണ് ഇവിടെ കാണാൻ കഴിയുന്നത്.
യുക്രൈന് ലഭിച്ച വലിയൊരു പ്രഹരമാണ് ട്രംപിന്റെ നീക്കമെന്നാണ് മെറെഷ്‌കോ പറയുന്നത്. “പ്രധാന കാര്യം എന്തെന്നാൽ ഇതൊരു മാനസിക പ്രഹരമാണ്, യുക്രൈന് കിട്ടിയ രാഷ്ട്രീയ പ്രഹരമാണ്, ഇത് നമ്മുടെ ഉദ്ദേശ്യങ്ങൾ സഹായിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം” വിഷയത്തിൽ യുക്രൈന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
നാസി ജർമ്മനിയെ ചെക്കോസ്ലോവാക്യയുടെ ഒരു ഭാഗം കൂട്ടിച്ചേർക്കാൻ അനുവദിച്ച 1938ലെ മ്യൂണിക്ക് ഉടമ്പടിയുമായി അദ്ദേഹം യുഎസ് സഹായം നിർത്തലാക്കിയതിനെ താരതമ്യം ചെയ്‌തു. ഇത് മ്യൂണിക്ക് ഉടമ്പടിയേക്കാൾ അപകടകരം ആണെന്നും മെറെഷ്‌കോ പറയുന്നു. കാരണം അന്ന് എല്ലാത്തിനും കാരണം ചെക്കോസ്ലോവാക്യ ആണെന്ന പ്രചാരണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യയുമായുള്ള യുദ്ധത്തിൽ യുഎസ് സഹായങ്ങളോട് വേണ്ടത്ര കടപ്പാട് കാട്ടിയില്ലെന്ന് ആരോപിച്ച് വൈറ്റ് ഹൗസിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് സൈനിക സഹായം നിർത്തലാക്കിയ ഉത്തരവ് വന്നത്. ഇതിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള വാർത്താ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു.