പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി ( 27 ), വിഷ്ണു ( 31 ) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുവിന്റെ വാടക വീടിന് മുന്നിൽ വെച്ചാണ് രണ്ട് പേരെയും ബൈജു വെട്ടിയത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് വിഷ്ണുവിനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞത്. ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈഷ്ണവിയും വിഷ്ണുവും തമ്മിൽ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു. സംശയം മൂലം വൈഷ്ണവിയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. വഴക്കിനെ തുടർന്ന് യുവതി വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയിൽ വെച്ചും വഴക്കുണ്ടാക്കി. തുടർന്ന് വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് വൈഷ്ണവി ഓടിക്കയറി. ഇവിടെ വെച്ച് വൈഷ്ണവിയെ ബൈജു കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ചെന്നപ്പോൾ വിഷ്ണുവിനും വെട്ടേറ്റു.