31 in Thiruvananthapuram

ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ‘പണി’; ജോലിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ; ഇല്ലെങ്കില്‍ രാജി

Posted by: TV Next February 23, 2025 No Comments

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായി ചുമതലയേറ്റതോടെ ഇലോണ്‍ മസ്‌ക്കിന്റെ നയങ്ങള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഭാരമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാനും പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കാനുമുള്ള ദൗത്യമാണ് മസ്‌കിനുള്ളത്. ഇതിന്റെ ഭാഗമായി നിരവധി സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുക പോലുമുണ്ടായി. ഇപ്പോഴിതാ എല്ലാ യുഎസ് ഫെഡറല്‍ ജീവനക്കാരും തങ്ങള്‍ ഒരാഴ്ച്ച ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലാണ് മസ്‌കിന്റെ മുന്നറിയിപ്പ്. നിര്‍ദേശം അവഗണിച്ചാല്‍ രാജിയായി കണക്കാക്കുമെന്നും ഇ-മെയിലില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ചെയ്ത അഞ്ച് ജോലികളുടെ വിശദാംശങ്ങള്‍ ഇ-മെയിലൂടെ മറുപടിയായി അറിയിക്കണമെന്നാണ് മസ്‌കിന്റെ നിര്‍ദേശം. തിങ്കളാഴ്ചക്കകം ഇ-മെയിലിന് മറുപടി നല്‍കാനാണ് ഉത്തരവ്.

അടുത്ത ആഴ്ച മുതല്‍ സിവിലിയന്‍ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയെങ്കിലും വെട്ടിക്കുറയ്ക്കാന്‍ യുഎസ് പ്രതിരോധ വകുപ്പിന് മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊബേഷണറി പദവിയിലുള്ള മറ്റ് നിരവധി ഫെഡറല്‍ തൊഴിലാളികളെ ട്രംപിന്റെ ഭരണകൂടം ഇതിനകം പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ കടുത്ത നടപടികള്‍ തുടരുന്നതിനിടെയാണ് ജീവനക്കാര്‍ക്ക് ഭാരമാകുന്ന പുതിയ ഉത്തരവുകള്‍ വരുന്നത്. ട്രംപിന്റെ ഉപദേഷ്ടാവാണ് ശതകോടീശ്വരനും ടെസ്ല മേധാവിയുമായ മസ്‌ക്. ട്രംപ് ഭരണകൂടത്തില്‍ മസ്‌ക് കാണിക്കുന്ന അമിതമായ സ്വാധീനത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തന്റെ ജോലിയില്‍ കൂടുതല്‍ ആക്രമണാത്മക പ്രകടിപ്പിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് മസ്‌കിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പുതിയ ഇ-മെയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇനിയും കൂട്ടപിരിച്ചുവിടലുണ്ടാകുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക. ഇതുവരെയില്ലാത്ത കീഴ്‌വഴക്കങ്ങള്‍ ജീവനക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ കടുത്ത അമര്‍ഷം ഉയരുന്നുണ്ട്. ജീവനക്കാരെ അപമാനിക്കുന്നതാണ് മസ്‌കിന്റെ നടപടിയെന്ന വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടന രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, അവധിയിലുള്ള ജീവനക്കാര്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താത്തതിലും ആശങ്ക ഉയരുന്നുണ്ട്.