26 in Thiruvananthapuram

കെജ്രിവാളിനെ വീഴ്ത്തിയ പര്‍വേഷിനെ പോലും പരിഗണിച്ചില്ല! എന്തുകൊണ്ട് രേഖ? ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍…

Posted by: TV Next February 20, 2025 No Comments

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ആയിരുന്നു ഷാലിമാര്‍ ബാഗില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ രേഖ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആം ആദ്മി തരംഗത്തില്‍ പത്ത് സീറ്റ് പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. രാജ്യതലസ്ഥാനമായതിനാല്‍ തന്നെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍നിര നേതാക്കളെയായിരിക്കും പരിഗണിക്കുക എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

പര്‍വേഷ് വര്‍മ്മയെ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പിച്ചിരുന്നത്. ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാളിനെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ് പര്‍വേഷ് ഡല്‍ഹി നിയമസഭയില്‍ എത്തിയത്. വിജേന്ദര്‍ ഗുപ്ത, ആശിഷ് സൂദ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇവരെയെല്ലാം മറികടന്ന് 50 കാരിയായ രേഖയെ ബിജെപി തിരഞ്ഞെടുത്തത്.

പര്‍വേഷ് വര്‍മ്മയെപ്പോലുള്ളവരെ മറികടന്ന് രേഖ ഗുപ്തയെ ബിജെപി തിരഞ്ഞെടുത്തതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍ ഒന്നാമത്തേത് തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ച സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ഏകീകരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ്. പ്രകടന പത്രികയില്‍ ബിജെപി ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ധനസഹായം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇത് മാര്‍ച്ച് മുതല്‍ നടപ്പാക്കും എന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖ ഗുപ്ത ഉറപ്പ് നല്‍കിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ത്രീ വോട്ടര്‍മാരെ ആശ്രയിക്കുന്നെങ്കിലും പക്ഷേ അവരെ മുഖ്യമന്ത്രിമാരായി നിയമിക്കുന്നില്ല എന്ന ധാരണ തകര്‍ക്കുക എന്നതും ബിജെപി ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന പ്രചരണവും ഇത് തന്നെയായിരിക്കും.

രേഖ ഗുപ്ത ബനിയ സമുദായത്തില്‍ നിന്നുള്ളയാളാണ്. പ്രധാനമായും വ്യാപാരികള്‍ ആണ് ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍. വാജ്പേയി-അദ്വാനി കാലഘട്ടം മുതല്‍ വ്യാപാരി സമൂഹം ബിജെപിയുടെ പ്രധാന വോട്ടര്‍മാരാണ്. ‘ബിജെപിയുടെ ഡല്‍ഹി ഘടകത്തിന്റെ നട്ടെല്ലാണ് ബനിയകള്‍. സര്‍ക്കാരിന്റെ നയങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെങ്കിലും രേഖ ഗുപ്തയുടെ നിയമനം ആ ബന്ധം കൂടുതല്‍ ഉറപ്പിക്കും’ ഒരു ബിജെപി നേതാവ് പറഞ്ഞു. താഴെത്തട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഉന്നത സ്ഥാനം നല്‍കുക എന്ന സന്ദേശം കൂടി ബിജെപി ഇതിനൊപ്പം മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യം നരേന്ദ്ര മോദി തന്നെ വ്യക്തമാക്കുന്നു. ‘ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി രേഖ ഗുപ്ത ജിക്ക് അഭിനന്ദനങ്ങള്‍. അവര്‍ താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണ്. ക്യാമ്പസ് രാഷ്ട്രീയത്തിലും, സംസ്ഥാന സംഘടനയിലും, മുനിസിപ്പല്‍ ഭരണത്തിലും സജീവമാണ്,’ മോദി ചൂണ്ടിക്കാട്ടി.ഇപ്പോള്‍ അവര്‍ എംഎല്‍എയും മുഖ്യമന്ത്രിയുമായി എന്നും ഡല്‍ഹിയുടെ വികസനത്തിനായി അവര്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും മോദി കൂട്ടിച്ചേര്‍ത്തു. ബിജെപി പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രി സ്ഥാനം.