അബുദാബി: യു എ ഇയില്‍ ഇന്ന് മഴ ദിവസമായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നേരിയ മഴ പെയ്തിരുന്നു. ഫലാജ് ഹസ്സ, അല്‍ ഐന്‍, ഫുജൈറയിലെ തവിയ, ഹാമിം അല്‍ ദഫ്ര മേഖല എന്നിവിടങ്ങളില്‍ മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഉച്ചക്ക് ശേഷം ഈ പ്രദേശങ്ങളില്‍ നേരിയ മഴ പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഇന്നത്തെ ദിവസം മുഴുവന്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രത്യേകിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഉള്‍പ്രദേശങ്ങളിലെ താപനില 21 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും.
തണുപ്പുള്ള പര്‍വതപ്രദേശങ്ങളില്‍ 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടും എന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയാകുന്നതോടെ ഈര്‍പ്പത്തിന്റെ അളവ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാവിലെയോടെ ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്.
വടക്ക് – കിഴക്ക് നിന്ന് വടക്ക് – പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് നേരിയതോ മിതമായതോ ആയ അവസ്ഥയില്‍ തുടരും. ഇവിടങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ കുളിക്കാനും മറ്റും ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണം. പടിഞ്ഞാറന്‍ ജലാശയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെങ്കിലും അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ ശാന്തമായ അവസ്ഥയിലായിരിക്കും.
അതേസമയം ഒമാന്‍ കടലില്‍ നേരിയ തോതില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ സംബന്ധമായ റിപ്പോര്‍ട്ടുകളിലും മഴക്കെടുതികളിലും വേഗത്തില്‍ പ്രതികരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി തങ്ങളുടെ ടീമുകള്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. മഴ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ജനങ്ങള്‍ പാലിക്കണം എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.