24 in Thiruvananthapuram

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതിയെന്ന് ഗഡ്കരി: സില്‍വർ ലൈന്‍ യാത്രസമയം കുറയ്ക്കുമെന്ന് ഗോയല്‍

Posted by: TV Next February 21, 2025 No Comments

കൊച്ചി: കേരളത്തില്‍ മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് ഈ തുക അനുവദിക്കുക. കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുക്കവേയായിരുന്നു കേന്ദ്ര മന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം.

കേരളത്തിലെ റോഡ് വികസനത്തിന് മാത്രമായി 50000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പാലക്കാട്-മലപ്പുറം പാതയ്ക്കായി 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. ആകെ 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണുള്ളതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്കും ഗുണകരമാകും. കേരളത്തിലെ നക്ഷേപങ്ങള്‍ക്ക് കേന്ദ്രസർക്കാർ ഉറച്ച് പിന്തുണ നല്‍കും. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തില്‍ ഒരുക്കാന്‍ സഹായമുണ്ടാകും. ആയുർവേദം ഉൾപ്പടെ മേഖലകൾ സമ്പന്നമായതിനാൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെ നിരവധിപേരാണ് കേരളത്തിലേക്ക് വരുന്നത്. ഈ സാധ്യതകൾ മികച്ച രീതിയില്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.


അതേസമയം, കേരളത്തിന്റെ വ്യവസായ വികസനത്തിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും അറിയിച്ചു. സെമി ഹൈസ്പീർി റെയില്‍ പദ്ധതി യാഥാർത്ഥ്യമായാല്‍ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്ര സമയം കുറയുമെന്ന് വ്യക്തമാക്കിയ പീയൂഷ് ഗോയല്‍ കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രാജ്യത്തെ മികച്ച പാർലമെൻ്റേറിയനായിരുന്നുവെന്നും അഭിനന്ദിച്ചു. കേരളം എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷെ ഇവിടെ താമര വിരിഞ്ഞിട്ടില്ലെന്നും തമാശ രൂപേണെ പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിയിൽ കേന്ദ്ര മന്ത്രിമാർക്ക് പുറമെ യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എംഡി കരൺ അദാനി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.