ഗാസ ഏറ്റെടുത്ത് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം തള്ളി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ. ഗാസയെ പുനർനിർമ്മിക്കുന്നതിന് തന്നെയാണ് മുൻഗണനയെന്നും എന്നാൽ അതൊരിക്കലും അവിടുത്ത ജനങ്ങളെ മാറ്റിപാർപ്പിച്ച് കൊണ്ടായിരിക്കരുതെന്നും ജോർദാൻ രാജാവ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പാലസ്തീൻ ജനതയെ മാറ്റിപാർപ്പിക്കുന്നതിനെതിരെ തങ്ങളുടെ ശക്തമായ നിലപാട് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ഏകീകൃത നിലപാടാണിത്. ഗാസയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാതെ തന്നെ പ്രതിസന്ധിക്ക് പരിഹാരം കാണുകയും ഗാസയെ പുനർനിർമ്മിക്കുകയുമാണ് വേണ്ടത്’, അദ്ദേഹം പറഞ്ഞു
പ്രാദേശിക തലത്തിലുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതിനായുള്ള ശ്രമങ്ങൾ ഈജിപ്ത് നടത്തുന്നുണ്ടെന്നും റിയാദിൽ നടക്കാനിരിക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും കൂടിക്കാഴ്ചയിൽ അബ്ദുള്ള രണ്ടാമൻ ട്രംപിനെ അറിയിച്ചു. ജോർദാനെ സംബന്ധിച്ച് ചരിത്രപരമായ ആശങ്കകളും വിഷയത്തിൽ ഉണ്ട്. 11 ദശലക്ഷമുള്ള ജോർദാനിലെ ജനസംഖ്യയുടെ പകുതിയും പലസ്തീൻ വംശജരാണ്. 1948-ൽ ഇസ്രായേൽ സ്ഥാപിതമായതോടെയാണ് ഇവരിൽ പലരും ജോർദാനിലേക്ക് കുടിയേറിയത്.
അതിനിടെ കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന ഗാസയിലെ 2000ത്തോളം കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അബ്ദുള്ള രണ്ടാമൻ വാഗ്ദാനം ചെയ്തു. മികച്ച തീരുമാനം എന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഇത്തരമൊരു കാര്യം ജോർദാൻ ആലോചിക്കുന്നതിനായി അറിഞ്ഞിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഗാസ ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്നായിരുന്നു നേരത്തേ ട്രംപ് പറഞ്ഞത്. പലസ്തീനികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തന്റെ നിർദേശം ജോർദാനും ഈജിപ്തുമൊന്നും അംഗീകരിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കുമുള്ള യുഎസ് സഹായം നിർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ വ്യാപക വിമർശനം ഉയർന്നതോടെ പരാമർശത്തിൽ നിന്നും ട്രംപ് പിന്നോട്ട് പോയി. അതിനിടെ ഗാസയിൽ തനിക്ക് റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഉണ്ടെന്ന പരാമർശത്തിലും ട്രംപ് വ്യക്തത വരുത്തി. ‘എനിക്ക് ഗാസയിൽ വ്യക്തിപരമായ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ ഇല്ല. യുഎസിൽ തന്നെ എന്റെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ഗാസയിൽ വിപുലമായ റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് ഉള്ളത്’, ട്രംപ് പറഞ്ഞു.