26 in Thiruvananthapuram

‘ഇന്ത്യയില്‍ നിക്ഷേപിക്കൂ, ഇതാണ് ഉചിതമായ സമയം’; ഫ്രഞ്ച് ബിസിനസുകാരോട് മോദി

Posted by: TV Next February 12, 2025 No Comments

പാരീസ്: ലോകത്തിലെ ബിസിനസുകാര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14-ാമത് ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ബിസിനസ് സൗഹൃദ അന്തരീക്ഷവും നയ തുടര്‍ച്ചയും നല്‍കിക്കൊണ്ട് 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുകയാണ്.

അതിനാല്‍ ബിസിനസുകാര്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള ശരിയായ സമയമാണിതെന്ന് മോദി പറഞ്ഞു. ‘നിങ്ങള്‍ എല്ലാവരും നവീകരിക്കുക, സഹകരിക്കുക, സംയോജിപ്പിക്കുക എന്ന മന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക മാത്രമല്ല, ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്’ മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്ക് വരാനുള്ള ശരിയായ സമയമാണിത്. എല്ലാവരുടെയും പുരോഗതി ഇന്ത്യയുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യോമയാന മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ വിമാനങ്ങള്‍ക്ക് വലിയ ഓര്‍ഡറുകള്‍ നല്‍കിയത് ഇതിന് ഉദാഹരണമാണ്. ഞങ്ങള്‍ 120 പുതിയ വിമാനത്താവളങ്ങള്‍ തുറക്കാന്‍ പോകുമ്പോകയാണ്. ഭാവി സാധ്യതകള്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ,’ പ്രധാനമന്ത്രി പറഞ്ഞു.

ഫ്രാന്‍സിന്റെ മികവ് ഇന്ത്യയുടെ സ്‌കെയിലില്‍ എത്തുമ്പോള്‍ അത് ആഗോള പരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു. നേരത്തെ ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനേയും മോദി അഭിനന്ദിച്ചിരുന്നു. ‘പ്രസിഡന്റ് മാക്രോണിനൊപ്പം ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണിത്.

കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ റിപ്പബ്ലിക് ദിനത്തില്‍ പ്രസിഡന്റ് മാക്രോണ്‍ മുഖ്യാതിഥിയായിരുന്നു,’ അദ്ദേഹം പറഞ്ഞു. എഐ, ബഹിരാകാശ സാങ്കേതികവിദ്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങളും പ്രധാനമന്ത്രി ചടങ്ങില്‍ എടുത്തുപറഞ്ഞു. 2047-ഓടെ 100 ജിഗാവാട്ട് ആണവോര്‍ജ്ജം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും സ്വകാര്യ മേഖലയില്‍ നിന്നും ഇതിനായി നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.