25 in Thiruvananthapuram

ജനങ്ങളുടെ ശബ്‌ദത്തോടുള്ള പ്രതികരണമായിരുന്നു ബജറ്റ്’; ആദായനികുതി ഇളവ് ഉയർത്തിക്കാട്ടി ധനമന്ത്രി

Posted by: TV Next February 1, 2025 No Comments

ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ജനങ്ങളുടെ ശബ്‍ദത്തോടുള്ള പ്രതികരണമായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പോസ്‌റ്റ് ബജറ്റ് സെഷനിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ധനമന്ത്രിയുടെ പ്രതികരണം. ബജറ്റിലെ ആദായനികുതി ഇളവ് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ ഇക്കാര്യം എടുത്തുപറഞ്ഞത്. ഇത്തവണ ബജറ്റിൽ 12 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു.

ഒരുകോടിയിൽ അധികം വരുന്ന ആളുകൾ നികുതി പരിധിയിൽ നിന്ന് ഒഴിവാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2025-26 ലെ കേന്ദ്ര ബജറ്റിൽ റിബേറ്റ് 12 ലക്ഷം രൂപയായി വർധിപ്പിച്ചതിനാൽ ഒരു കോടി ആളുകൾ കൂടി ആദായനികുതി നൽകേണ്ടതില്ലെന്നായിരുന്നു നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

രേന്ദ്ര മോദി സർക്കാർ ജനങളുടെ ആവശ്യങ്ങളോട് പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നും ധനമന്ത്രി എടുത്തുപറഞ്ഞു. ഞാൻ തീർച്ചയായും എടുത്തുകാട്ടാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ജനങ്ങളുടെ ശബ്‌ദത്തോട് പ്രതികരിക്കുക എന്നതാണ്, അതാണ് പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൽ പ്രധാനപ്പെട്ട കാര്യം. വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്ന സർക്കാരാണിത്; അവർ പറഞ്ഞു. ഇതിന്റെ ഫലമായാണ് നികുതി പരിഷ്‌കാരമെന്നും അവർ ചൂണ്ടിക്കാട്ടി. ‘ജൂലൈയിൽ ഞാൻ പ്രഖ്യാപിച്ച ആദായനികുതി ലളിതവൽക്കരണത്തിന്റെ ജോലികൾ ഇതിനകം പൂർത്തിയായി, അടുത്ത ആഴ്‌ചയിൽ ഞങ്ങൾ ബില്ല് കൊണ്ടുവരും’ അവർ ചൂണ്ടിക്കാട്ടി. പുതിയ ആദായനികുതി ബിൽ അടുത്ത ആഴ്‌ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നേരത്തെ ബജറ്റിനിടെ പ്രഖ്യാപിച്ചിരുന്നു.

നമ്മൾ നികുതി ഉൾപ്പെടെയുള്ള പരിഷ്‌കാരത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ഈ ജോലികൾ പൂർത്തിയായി. ഈ ബജറ്റ് യുക്തിസഹീകരണത്തെക്കുറിച്ചും കീഴ്വഴക്കങ്ങളെ കുറിച്ചും സംസാരിക്കുന്നു. താരിഫുകൾ കുറയ്ക്കുന്നു, താരിഫുകൾ കൂടുതൽ ലളിതമാക്കുന്നു’ ധനമന്ത്രി ബജറ്റ് അവതരണം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാജ്യത്തെ മധ്യവർഗത്തിന് ഗുണകരമാവുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി നടത്തിയത്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം ഒരുകോടി പേർക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ ആദായനികുതി പരിധി 10 ലക്ഷമാക്കി ഉയർത്തുമെന്നായിരുന്നു കരുതിയത്, എന്നാൽ ഒറ്റയടിക്ക് ഇത് 12ലേക്ക് മാറ്റുകയായിരുന്നു.

മാത്രമല്ല നികുതി ഘടന കൂടുതൽ ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്‌ച അവതരിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അറിയിച്ചിരുന്നു. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍ കൊണ്ട് വരുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.