25 in Thiruvananthapuram

കൊക്കക്കോള തിരിച്ചുവിളിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; യുഎഇയിലെ കോള സുരക്ഷിതമെന്ന് മന്ത്രാലയം

Posted by: TV Next January 31, 2025 No Comments

അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതും ആണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു.

പരിശോധനയില്‍ ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, മറ്റ് പാനീയങ്ങള്‍ എന്നിവ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യന്‍ ബോട്ടിലിംഗ് യൂണിറ്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതോടെയാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

 

യുഎഇ വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ അബുദാബിയിലെ കൊക്കകോള ബോട്ടിലിംഗ് പ്ലാന്റുകളില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നവയാണ് എന്നും അതിനാല്‍ യൂറോപ്യന്‍ നടപടി തങ്ങള്‍ക്ക് ബാധകമാകില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ ഏകോപനത്തിലൂടെ ഭക്ഷ്യസുരക്ഷ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ പ്രതിബദ്ധത തങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് യുഎഇ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ നവംബര്‍ മുതല്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ വിതരണം ചെയ്ത ക്യാനുകളും ഗ്ലാസ് ബോട്ടിലുകളും കൊക്കക്കോള തിരിച്ചുവിളിക്കുന്നുണ്ട്. 328 ജിഇ മുതല്‍ 338 ജിഇ വരെയുള്ള പ്രൊഡക്ഷന്‍ കോഡുകളുള്ള ഉത്പന്നങ്ങളാണ് പിന്‍വലിച്ചത്. ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ റാപ്പിഡ് അലര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2015-ലെ ഒരു പഠനം അധികരിച്ച് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി, ക്ലോറേറ്റ് ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് കുട്ടികള്‍ക്ക്, പ്രത്യേകിച്ച് നേരിയതോ മിതമായതോ ആയ അയോഡിന്റെ കുറവുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജല ശുചീകരത്തിന് ഉപയോഗിക്കുന്ന ക്ലോറിനില്‍ നിന്നാണ് ക്ലോറേറ്റ് ഉണ്ടാക്കുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. Published On January 31, 2025