ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ആരംഭിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ലോക്സഭയും രാജ്യസഭയും ഹ്രസ്വമായി ചേരും.
ഈ അവസരത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. സാമ്പത്തിക സര്‍വേ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിലും ഉച്ചയ്ക്ക് 2 മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും. സാമ്പത്തിക മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയ സാമ്പത്തിക സര്‍വേ 2024-25 ലെ സമ്പദ്വ്യവസ്ഥയെയും വിവിധ സൂചകങ്ങളെയും കുറിച്ച് പ്രതിപാദിക്കും
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നികുതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഏറ്റവും പ്രധാനം. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ട്. പുതിയ ആദായ നികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ ആദായ നികുതി ഒടുക്കേണ്ടതില്ല
അതേസമയം ബജറ്റ് സമ്മേളനത്തില്‍ മറ്റ് പല വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. പ്രതിപക്ഷ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. മഹാ കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെപ്രതിപക്ഷം ആയുധമാക്കും.
è