ആധുനിക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് ലയണല്‍ മെസി. എട്ട് തവണ ബാലന്‍ദ്യോറില്‍ മുത്തിയ മെസി അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച് ലോകകപ്പും കോപ്പാ അമേരിക്കയും ചൂടിച്ചു. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്. ബാഴ്‌സലോണയിലൂടെ വളര്‍ന്ന മെസിക്ക് പ്രത്യേക സാഹചര്യത്തില്‍ കൂടുമാറ്റം നടത്തേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം ബാഴ്‌സലോണക്കൊപ്പമാണെന്ന് പറയാം.
ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ടീമില്‍ നിന്ന് പടിയിറങ്ങിയ മെസി ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. മെസി തന്റെ വലിയ ആഗ്രഹമായി പറഞ്ഞതിലൊന്ന് ബാഴ്‌സലോണക്കായി കളിച്ച് വിരമിക്കണമെന്നതാണ്. എന്നാല്‍ സാഹചര്യംകൊണ്ട് അദ്ദേഹം ഇന്റര്‍ മയാമിയിലേക്ക് എത്തിയിരിക്കുകയാണ്. നിലവിലെ മെസിയുടെ ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2025 ഡിസംബറിലാണ് അവസാനിക്കുന്നത്.
ഇതിന് ശേഷം മെസി കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണോടെ ലീഗിനോട് മെസി വിട പറഞ്ഞേക്കും. പിന്നീട് 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കായി മെസി അര്‍ജന്റീന ടീമിനൊപ്പം ചേരും. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കാന്‍ പോകുന്നത്. ഇന്റര്‍ മയാമിയില്‍ നിന്ന് ഇടവേളയെടുത്ത് മെസി ലോകകപ്പിന് ശേഷം ടീമുമായി പുതിയ കരാറിലെത്തും.
എന്നാല്‍ ഇതില്‍ പ്രത്യേക കരാര്‍ പ്രകാരം ലോണില്‍ മറ്റൊരു ടീമിനായി കളിക്കും. അമേരിക്കന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ഇടവേളയാണ്. ഈ സമയത്ത് ലോണില്‍ മെസിക്ക് ബാഴ്‌സലോണക്കായി കളിക്കാനാവും. തിയറി ഹെന്റിയും സ്ലാട്ടന്‍ ഇബ്രോഹിമോവിച്ചും ആഴ്‌സണലിലേക്കും എസി മിലാനിലേക്കും തിരിച്ചെത്തിയത് ഈ വഴിയിലൂടെയായിരുന്നു. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയാല്‍ അത് വലിയ സംഭവമായി മാറും.
ബാഴ്‌സലോണക്കായി കളിച്ച് വിരമിക്കുകയെന്നത് വലിയ ആഗ്രഹമാണെന്നും എന്നും ടീമിനൊപ്പം തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമെല്ലാം മെസി പറഞ്ഞിരുന്നു. എന്നാല്‍ 2021ല്‍ സാഹചര്യംകൊണ്ട് മെസിക്ക് ബാഴ്‌സ വിടേണ്ടി വന്നു. ഇപ്പോള്‍ ബാഴ്‌സലോണ ശക്തമായ താരനിരയാണ്. മികച്ച യുവ പ്രതിഭകള്‍ ടീമിനൊപ്പമുണ്ട്. ഇവരോടൊപ്പം മെസി തന്റെ കരിയറിന്റെ അവസാന സമയങ്ങള്‍ ചിലവിടാന്‍ ആഗ്രഹിച്ചാല്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.
മെസി അടുത്ത ലോകകപ്പ് കളിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയതാണ്. വീണ്ടുമൊരു ലോകകപ്പ് കിരീടത്തോടെ വിരമിക്കല്‍ രാജകീയമാക്കാന്‍ മെസിക്കാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ബാഴ്‌സലോണയിലേക്ക് മെസിയുടെ തിരിച്ചുവരവ് സാധ്യതകള്‍ സജീവമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.