24 in Thiruvananthapuram

രാഹുലിനേയും പ്രിയങ്കയേയും പൊലീസ് ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രന്‍:

Posted by: TV Next January 7, 2025 No Comments

തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഡി സി സി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലലെന്നും അദ്ദേഹം പറഞ്ഞു. ‘സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച കത്ത് ഇരു നേതാക്കളും നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണ്’ എന്നും അദ്ദേഹം പറഞ്ഞു.

കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ സത്യപ്രതിജ്ഞാ ദിവസം മന്നം ജയന്തി ആയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും സൗഹൃദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഗവർണർ ആണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ടയാളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മറക്കരുത്.

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ഗവർണർമാർക്ക് എതിരെ പല നീക്കങ്ങളും നടക്കുന്നു. ഇത് ഭരണഘടനാവിരുദ്ധമാണ്. സർവകലാശാലയുടെ അധികാരം ഗവർണർക്ക് ആണെന്ന് കോടതി തന്നെ പറഞ്ഞതാണ്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ ഒരു പ്രശ്നം കുത്തിപ്പൊക്കിയത് അല്ല. ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാൻ സംസ്ഥാന സർക്കാരാണ് നീക്കം നടത്തിയത്. ആരിഫ് മുഹമ്മദ്‌ ഖാൻ പോയത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. പിവി അൻവറെ കോൺഗ്രസിലേക്ക് അയച്ചത് പിണറായി വിജയൻ തന്നെയാണ്. പിടികിട്ടാപ്പുള്ളികൾ പലരും മുങ്ങി നടക്കുന്നുണ്ട്. ക്രിമിനലുകൾ ആരെയും തൊടുന്നില്ല. അൻവറെ അർദ്ധരാത്രി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് എന്തിന് വേണ്ടിയാണ്. അൻവറിന് വീര പരിവേഷം നൽകാനാണ് ഈ സംഭവത്തിലൂടെ സർക്കാർ ശ്രമിച്ചതെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു.