31 in Thiruvananthapuram

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ; രോഗം സ്ഥിരീകരിച്ചത് 8 മാസം പ്രായമുള്ള കുഞ്ഞിന്

Posted by: TV Next January 6, 2025 No Comments

ഇന്ത്യയിൽ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 8 മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ രോഗം പടർന്ന് പിടിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലം ഇല്ലെന്നാണ് റിപ്പോർട്ട്. കുട്ടി നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ദിവസം പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കുഞ്ഞിന് വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തതിനാൽ തന്നെ രോഗം എങ്ങനെ വന്നുവെന്ന് കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധന നടത്തിയേക്കും. ചൈനയിൽ ഇപ്പോൾ പടരുന്ന വകഭേദം തന്നെയാണോ കുട്ടിക്കും സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചും പരിശോധന നടത്തും.

സാധാരണയായി 11 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിക്കാറുള്ളത്. എല്ലാ ഫ്‌ളൂ സാമ്പിളുകളിലും 0.7 ശതമാനവും എച്ച്എംപിവി ആണ്. എന്നാൽ ചൈനയിൽ കണ്ടെത്തിയ വൈറസ് വകഭേദം എന്താണെന്ന് വ്യക്തമല്ലാത്തതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് കർണാടക ആരോഗ്യവകുപ്പ് പ്രതികരിച്ചു.