27 in Thiruvananthapuram

ട്രംപ് കുടുങ്ങുമോ? ലൈംഗികാതിക്രമം മറച്ചുവെക്കാൻ കൈക്കൂലിയും വ്യാജരേഖയും: കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

Posted by: TV Next December 17, 2024 No Comments

ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്.

 

പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷി​ക്കപ്പെട്ട കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മാൻഹട്ടൻ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ട്രംപിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതല്ല. എന്നാല്‍ ബിസിനസ് റെക്കോഡുകൾ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിലോ ഭരണം നടത്തുന്നതിലോ ഒരു തടസവും സൃഷ്ടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന ചലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് 130000 ഡോളർ നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാജ രേഖ സൃഷ്ടിച്ചകേസില്‍ ട്രംപ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. പണം അഭിഭാഷകന് നൽകിയതാണെന്ന് വരുത്താനായിരുന്നു വ്യാജ രേഖകൾ സൃഷ്ടിച്ചത്. ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വ്യക്തമാക്കി. കോടതി വിധിയോടെ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുൻ അമേരിക്കന്‍ പ്രസിഡൻ്റായും ട്രംപ് മാറി. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി 11 മണിക്കൂറിലധികം ചർച്ച നടത്തിയതിന് ശേഷമാണ് ട്രംപിനെതിരായ ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്.

താന്‍ തീർത്തും നിരപരാധിയാണ് എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ ട്രംപ് അന്ന് പ്രതികരിച്ചത്. “ഞാൻ തീർത്തും നിരപരാധിയാണ്. യഥാർത്ഥ വിധി വോട്ടർമാരിൽ നിന്ന് വരുമെന്ന് എനിക്ക് ഉറപ്പാണ്. ഈ വിധി കഷ്ടവും അപമാനവും നിറഞ്ഞതാണ്. കെട്ടിച്ചമച്ച കേസാണ് ഇത്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്‍റെ നീക്കമാണിത്. രാജ്യം നരകത്തിലേക്കാണ് പോകുന്നത്” എന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു.