27 in Thiruvananthapuram

ദമസ്‌കസിലെ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത; ഫർണിച്ചറുകളും ആഭരണങ്ങളും വരെ കൈക്കലാക്കി

Posted by: TV Next December 9, 2024 No Comments

ദമസ്‌കസ്: വിമതർ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്‌ത പ്രസിഡന്റ് ബാഷർ അൽ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത. ദമസ്‌കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങൾ ഇരച്ചുകയറുന്നതും കൈയിൽ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയൻ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

കൊട്ടാരത്തിലെ മുറികളിൽ കയറി ഇറങ്ങി, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ ചിലർ കൊട്ടാരത്തിലെ ഫർണിച്ചറുകൾ ഇവിടെ നിന്ന് കടത്തുകയും ആഭരണങ്ങൾ ഉൾപ്പെടെ എടുത്തുകൊണ്ട് പോവുന്നതും വീഡിയോകളിലുണ്ട്. വിമതസേന രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സിറിയൻ ജനത 24 വർഷം ഏകാധിപത്യ ഭരണം നയിച്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്.

നിരവധി പുരുഷന്മാർ കൊട്ടാരത്തിലെ വിലയേറിയ കസേരകൾ ചുമന്നുകൊണ്ടുപോവുകയും ചിലർ മുറികളിലെ അലമാരകൾ തകർത്തതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കൊട്ടാരങ്ങളിലും ജനങ്ങൾ ഇരച്ചുകയറിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുഹാജെറീൻ പാലസിന്റെയും വീഡിയോ ദൃശ്യങ്ങൾ ഇത്തരത്തിൽ പുറത്തുവന്നിട്ടുണ്ട്. 13 വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് ഒടുവിൽ ഞായറാഴ്‌ചയാണ് സിറിയയിൽ വിമതർ തലസ്ഥാന നഗരമായ ദമസ്‌കസ് പിടിച്ചടക്കിയത്. അസദിന്റെയും കുടുംബത്തിന്റെയും അഞ്ച് പതിറ്റാണ്ടോളം നീണ്ട കുടുംബ ഭരണത്തിന് ഇതോടെ അന്ത്യമായിരിക്കുന്നത്. വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ പ്രസിഡന്റ് ഇവിടെ നിന്ന് പലായനം ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 


ഒരാഴ്‌ചയ്ക്കിടെയാണ് സിറിയയിൽ ഇത്തരത്തിൽ ആഭ്യന്തരകലാപം രൂക്ഷമായത്. എന്നാൽ ഇതിന് ശേഷം ഇതുവരെയും അസദ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ അഭിപ്രായം അറിയിക്കുകയോ ചെയ്‌തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ അസദ് സഞ്ചരിച്ച വിമാനം തകർന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ വന്നെങ്കിലും ഇവയൊന്നും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.


അതേസമയം, രാജ്യത്തിന്റെ പിടിച്ചടക്കിയ വിമതർ തെരുവുകളിൽ ആഘോഷിക്കുകയാണ്. അസദിന്റെയും പിതാവിന്റെയും ഉൾപ്പെടെ പ്രതികമകൾ പലയിടത്തായി തകർക്കപ്പെടുന്നുണ്ട്. ജനങ്ങളും വിമതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1970ലാണ് ബാഷർ അൽ അസദിന്റെ പിതാവ് സിറിയയുടെ ഭരണം പിടിച്ചെടുത്തത്. പിന്നീട് മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഇവിടെ ഭരണം നടത്തി. 2000ത്തിലാണ് അദ്ദേഹത്തിന്റെ മരണത്തോടെ രാജ്യഭരണം അസദിന്റെ കൈകളിൽ എത്തുന്നത്. ശേഷം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സിറിയയുടെ ഭരണം ഏകാധിപതിയായി കൈയ്യാളുകയായിരുന്നു അസദ്. ഈ അപ്രമാദിത്വത്തിനാണ് ഒടുവിൽ അന്ത്യമായിരിക്കുന്നത്. രാജ്യം വിട്ടുവെന്ന് പറയപ്പെടുന്ന പ്രസിഡന്റ് അൽ അസദിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.