31 in Thiruvananthapuram

കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഇന്ന് ഡൽഹിയിലേക്ക് മാർച്ച്..

Posted by: TV Next December 2, 2024 No Comments

ഡൽഹി: രാജ്യതലസ്ഥാനം വീണ്ടും കർഷക സംഘടനകളുടെ പ്രതിഷേധത്തിന് വേദിയാകുന്നു. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷകരുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കുന്നത്. യുപിയിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിലാണ് മാർച്ച്.

മാർച്ചിന് തങ്ങൾ തയ്യാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിനു താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡൽഹിയിൽ എത്തും, പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടും’, ഭാരതീയ കിസാൻ പരിഷത്ത് (ബി കെ പി) നേതാവ് സുഖ്ബീർ ഖലീഫ പറഞ്ഞു. ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഡ്, ആഗ്ര തുടങ്ങി 20 ജില്ലകളിലെ കർഷകർ മാർച്ചിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ ഡിസംബർ 6 ന് മാർച്ചിന്റെ ഭാഗമാകുമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെ എം എസ്‌ സി) ജനറൽ സെക്രട്ടറി സർവാൻ സിംഗ് പന്ദർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡൽഹിയിലേക്കുള്ള ഇവരുടെ മാർച്ച് തടഞ്ഞ സാഹചര്യത്തിലാണിത്. കർഷകർ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും നടക്കുകയെന്നും സംഘടനകൾ അറിയിച്ചു.

പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. പഴയ ഏറ്റെടുക്കൽ നിയമപ്രകാരം 10 ശതമാനം ഭൂമി അനുവദിക്കുക കൂടാതെ 64.7 ശതമാനം നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, 2014 ജനുവരി ഒന്നിന് ശേഷം ഏറ്റെടുത്ത ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരവും 20 ശതമാനം ഭൂമിയും നൽകുക, ഭൂരഹിത കർഷകരുടെ മക്കൾക്ക് തൊഴിലും പുനഃരധിവാസവും ഉറപ്പാക്കുക, ഉന്നതാധികാര സമിതി പാസാക്കിയ വിഷയങ്ങളിൽ സർക്കാർ ഉടൻ ഉത്തരവ് ഇറക്കുക, ജനവാസ മേഖലകളിൽ ശരിയായ പരിഹാരം ഉറപ്പാക്കുക എന്നിങ്ങനെയാണ് കർഷകരുടെ ആവശ്യം.

 

അതേസമയം മാർച്ചിന്റെ പശ്ചാത്തലത്തിൽ നോയിഡ-ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചില്ല, ഡി എൻ ഡി ബോർഡർ, മഹാമായ ഫ്‌ളൈഓവർ എന്നിവയ്ക്ക് സമീപം കൂടുതൽ സേനയെ വിന്യസിക്കുമെന്ന് കമ്മീഷ്ണർ ശിവഹാരി മീണ അറിയിച്ചു. മേഖലയിൽ വാഹനപരിശോധനയും ശക്തമാക്കും. ചില റൂട്ടുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മെട്രോയെ ആശ്രയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.