31 in Thiruvananthapuram
TV Next News > News > Blog > മൂന്ന് പതിറ്റാണ്ട് കാലം ടാറ്റ ഗ്രൂപ്പിന്റെ അമരത്ത്; മുത്തശ്ശന്റെ പേര് മായാതെ കാത്തു, ദീർഘവീക്ഷണം മുഖമുദ്ര

മൂന്ന് പതിറ്റാണ്ട് കാലം ടാറ്റ ഗ്രൂപ്പിന്റെ അമരത്ത്; മുത്തശ്ശന്റെ പേര് മായാതെ കാത്തു, ദീർഘവീക്ഷണം മുഖമുദ്ര

Posted by: TV Next October 10, 2024 No Comments

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തിന് തീരാനഷ്‌ടമാണ് രത്തൻ ടാറ്റയുടെ വിയോഗം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാർ ഏറ്റവുമധികം കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പേരിന്റെ ഇടമയാണ് രത്തൻ ടാറ്റ. കേവലമൊരു വ്യവസായി എന്നതിലുപരി മറ്റെന്തൊക്കെയോ സ്ഥാനം രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർ നൽകി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. 86ആം വയസിൽ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ രത്തൻ ടാറ്റയുടെ ജീവിതകഥ ആർക്കും പ്രചോദനമാവുന്നതാണ്.

 

ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം രത്തൻ ടാറ്റയുടെ വിയർപ്പും രക്തവും നൽകി ഉണ്ടാക്കിയ മഹാ പ്രസ്‌ഥാനങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഇന്ത്യയിലെ അധിക സമ്പന്നർക്കും ഇല്ലാത്ത ഒരു കോമ്പിനേഷൻ രത്തൻ ടാറ്റയിൽ നമുക്ക് കാണാൻ കഴിയുമായിരുന്നു. ദീർഘവീക്ഷണവും ആരെയും സഹായിക്കാനുള്ള മനസും ഒപ്പം ഭാവിയെ കുറിച്ചുള്ള കാഴ്‌ചപ്പാടും.

 

അതുകൊണ്ട് കൂടിയാണ് രത്തൻ ടാറ്റ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് പറയുന്നതും. ടാറ്റ ഗ്രൂപ്പിന്റെ അമരത്തേക്ക് രത്തൻ എത്തിയതും അവിടെ നിന്നങ്ങോട്ട് മുത്തശ്ശന്റെ പേര് നിലനിർത്തി ഇന്ന് കാണുന്ന നിലയിലേക്ക് കമ്പനി വളർത്തിയെടുക്കാൻ രത്തൻ ടാറ്റ ഏറെ ബുദ്ധിമുട്ടും ഇഷ്‌ടപ്പാടും അനുഭവിച്ചിരുന്നു. ഈ തിരക്കുകൾക്ക്‌ ഇടയിൽ ഒരു വിവാഹം കഴിക്കാൻ പോലും അദ്ദേഹം മറന്നു.

 

1937 ഡിസംബർ എട്ടിന് മുംബൈയിലാണ് രത്തൻ ടാറ്റ പിറന്നത്, അതും ഇന്ത്യയിലെ എക്കാലത്തെയും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നിലാണ് അദ്ദേഹം ജനിച്ചത്. എന്നാൽ കുട്ടിക്കാലം രത്തനെ സംബന്ധിച്ചിടത്തോളം അത്ര നല്ല ഓർമ്മകൾ ആയിരുന്നില്ല സമ്മാനിച്ചത്. പത്താം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ കുഞ്ഞ് രത്തൻ മുത്തശിയുടെ സംരക്ഷണത്തിലാണ് പിന്നീട് വളർന്നത്.

ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്‌ജി ടാറ്റയുടെ മകൻ രത്തൻജിയുടെ ദത്തുപുത്രൻ നേവൽ ടാറ്റയുടെ മകനാണ് രത്തൻ നേവൽ ടാറ്റ. ഉന്നത വിദ്യാഭ്യാസം കൈമുതലാക്കിയാണ് അദ്ദേഹം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോർണൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം 1961ൽ ​​ടാറ്റ ഗ്രൂപ്പിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

അവിടെ ടാറ്റ സ്‌റ്റീലിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് 1991 മുതൽ 2012 വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലം രത്തൻ ടാറ്റയായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ എല്ലാം. എന്നാൽ ജെആർഡി ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ പകരക്കാരനായി രത്തൻ എത്തിയപ്പോൾ ആദ്യമൊക്കെയും ഒരുപാട് എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ എതിർപ്പുകൾ എല്ലാം വെറുതെയാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചു.

 

ഏറെ ദീർഘവീക്ഷണം കൈമുതലായുള്ള രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് പല നിർണായക മേഖലകളിലേക്കും കാലെടുത്ത് വച്ചത്. സിമൻ്റ്, ടെക്സ്റ്റൈൽസ്, കോസ്മെറ്റിക്‌സ് തുടങ്ങിയ ബിസിനസിൽ കടന്നുകയറിയ ടാറ്റ ഗ്രൂപ്പ് പിന്നീട് ടെലികോം, ഫിനാൻസ്, റീട്ടെയിൽ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്‌തു. ഇക്കാലത്ത് എതിർപ്പുകൾ ധാരാളം ഉണ്ടായിരുന്നുവെങ്കിലും ജെആർഡി ടാറ്റ രത്തന് ആവശ്യമായ ഉപദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു.

 

സാമൂഹ്യപ്രവർത്തനത്തിലും തത്പരനായിരുന്ന അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും ചാരിറ്റിക്ക് വേണ്ടി നീക്കി വയ്ക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന റെക്കോഡ് പോലും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നേനെ. 2012ൽ ടാറ്റ ഗ്രൂപ്പിൽ നിന്ന് വിരമിച്ചെങ്കിലും ചെയർമാൻ പദവി അദ്ദേഹത്തിന് തന്നെയായിരുന്നു മരണം വരെയും.