29 in Thiruvananthapuram
TV Next News > News > Malayalam > ഏഷ്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണയും കമലയ്ക്ക്; പുതിയ സർവേയിലും ട്രംപ് പിന്നിൽ, ഫലം വ്യക്തമോ?

ഏഷ്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണയും കമലയ്ക്ക്; പുതിയ സർവേയിലും ട്രംപ് പിന്നിൽ, ഫലം വ്യക്തമോ?

Posted by: TV Next September 25, 2024 No Comments

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ ഫലങ്ങളാണ് ചൊവ്വാഴ്‌ച പുറത്ത് വന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമല ഹാരിസ് ജോ ബൈഡന് പകരം എത്തിയ ശേഷമുള്ള ഈ വിഭാഗത്തിലെ ആദ്യ സർവേ കൂടിയാണിത്.

 

ജൂലൈയിലാണ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്. അനാരോഗ്യവും ട്രംപുമായി നടത്തിയ സംവാദത്തിൽ മോശം പ്രകടനവും എല്ലാം ബൈഡൻ പിന്മാറാനുള്ള കാരണങ്ങളായി വിലയിരുത്തുന്നു. തുടർന്നാണ് കമല ഹാരിസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ടത്.

പുതിയ സർവേ റിപ്പോർട്ടുകൾ പ്രകാരം കമല ഹാരിസ് ഡൊണാൾഡ് ട്രംപിനെക്കാൾ ബഹുദൂരം മുൻപിലാണ്. നേരത്തെ ബൈഡൻ മത്സര രംഗത്തുണ്ടാവുമെന്ന് കരുതിയ സമയത്ത് പുറത്തുവിട്ട സർവേയിൽ 15 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെങ്കിൽ ഈ ലീഡ് 38 ആക്കി ഉയർത്താൻ കമൽ ഹാരിസിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

 

 

ഏഷ്യൻ അമേരിക്കൻ വോട്ടർമാരിൽ 66 ശതമാനവും കമല ഹാരിസിന് വോട്ട് ചെയ്യുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞത് കേവലം 28 ശതമാനം പേർ മാത്രമാണ്. ശേഷിക്കുന്ന ആറ് ശതമാനം പേർ ഇവരല്ലാതെ മറ്റൊരാൾക്ക് വോട്ട് ചെയ്യുമെന്നോ അതല്ലെങ്കിൽ ആര് വേണമെന്ന് തീരുമാനിക്കാത്തവരോ ആണ്.


024 ഏപ്രിൽ-മെയ് മാസങ്ങളിളായ നടത്തിയ ഏഷ്യൻ അമേരിക്കൻ വോട്ടർ സർവേയിൽ 46 ശതമാനം പേരാണ് ബൈഡനെ പിന്തുണച്ചത്, ഇതിലാവട്ടെ 31 ശതമാനം പേർ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചിരുന്നു. ശേഷിക്കുന്ന 23 ശതമാനം പേർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോൾ കമല വന്നതോടെ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്.

 

കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന മിനസോട്ട ഗവർണർ കൂടിയായ ടിം വാൾസ് കൂടുതൽ ജനപ്രിയനാണെന്നും സർവേ വ്യക്തമാക്കുന്നുണ്ട്. റിപ്പബ്ലിക്കൻ നോമിനിയായ ജെഡി വാൻസും ഇക്കാര്യത്തിൽ പിന്നിലാണ്. പുതിയ സർവേയും കമല ഹാരിസിന്റെ മുന്നേറ്റം പ്രവചിച്ചതോടെ യുഎസിൽ ഡെമോക്രാറ്റിക് പാർട്ടി വീണ്ടും അധികാരത്തിൽ വരുമോ എന്നാണ് എല്ലാവരുടെയും ചോദ്യം

എന്നാൽ അഭിപ്രായ സർവേകൾ മാത്രം കണക്കിലെടുത്ത് ഒരു മുൻവിധി രൂപപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് വിദഗ്‌ധർ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും സമയം അവശേഷിക്കുന്നുണ്ട്. ഇത്രയൊക്കെ ആണെങ്കിലും ഇത്തവണ വോട്ടെടുപ്പിന് മുൻപ് തന്നെ കമല ഹാരിസ് ട്രംപിനെക്കാൾ ഒരുപടി മുന്നിലാണ്. ഇത് അന്തിമ ഫലത്തിൽ പ്രകടമാവുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.