28 in Thiruvananthapuram
TV Next News > News > National > ‘ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടത്’; നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

‘ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടത്’; നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

Posted by: TV Next June 27, 2024 No Comments

ന്യൂഡൽഹി: മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു.

 

സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയും പരീക്ഷകളിലെ ക്രമക്കേടുകളും ഉയർന്ന തലത്തിൽ അന്വേഷിക്കുന്നുണ്ട്. വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു. യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളിൽ ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

 

സിഎഎ നിയമപ്രകാരം അഭയാർഥികൾക്ക് സർക്കാർ പൗരത്വം നൽകാൻ തുടങ്ങിയെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ജൂലൈ 1 മുതൽ ഭാരതീയ ന്യായ് സംഹിത രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.

 

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. 2014-ൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി അഞ്ചാം സ്ഥാനത്തെത്തി.ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രപതി അറിയിച്ചു.

 

നിർമ്മാണം, സേവനം, കൃഷി എന്നീ 3 മേഖലകൾക്കും സർക്കാർ തുല്യ പരിഗണനയാണ് നൽകുന്നത്. അതിവേഗത്തിൽ എല്ലാ മേഖലയിലും ഇന്ത്യ സ്വയം പര്യാപ്‌തരായി ആയി മാറുകയാണ്. നിക്ഷേപത്തിനും തൊഴിലിനുമാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും രാഷ്‌ട്രപതി തന്റെ നയാ പ്രഖ്യാപനം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.