25 in Thiruvananthapuram

കേന്ദ്ര ബജറ്റ് 2024: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം

Posted by: TV Next February 1, 2024 No Comments

ന്യൂദല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമഗ്ര ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മാത്രമേ അവതരിപ്പിക്കൂ.

സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളും വരുമാനവും ആണ് ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്തുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനപ്രിയ ബജറ്റ് ആയിരിക്കും നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക.


ആദായ നികുതി ഇളവുകള്‍, ക്ഷേമ പദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം എന്നിവയില്‍ ഊന്നിയായിരിക്കും ഇടക്കാല ബജറ്റ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലുള്ള വനിത കര്‍ഷകര്‍ക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ആകെ സ്ത്രീ കര്‍ഷകരില്‍ തന്നെ 13 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് ഭൂമിയുള്ളത്.

അതിനാല്‍ തന്നെ ഈ പ്രഖ്യാപനം വലിയ ബാധ്യതക്ക് വഴിവെക്കില്ല. 2024 ല്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിംപിക്‌സ് കണക്കിലെടുത്ത് കായിക രംഗത്തും ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ വന്നേക്കും. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയേക്കും. 2019 ല്‍ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിവും ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി ആ ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. ഇതുകൂടാതെ ശമ്പള വരുമാനക്കാര്‍ക്ക് നികുതി ആനുകൂല്യത്തിനായി സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കിയിരുന്നു.


വനിതാ ശാക്തീകരണത്തിനായുള്ള പ്രഖ്യാപനങ്ങളും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നയപ്രഖ്യാപന പസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നാരീശക്തിയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ജൂലായ് ആദ്യവാരം തന്നെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. അതിനിടയ്ക്കുള്ള രണ്ട് മാസത്തെ വരവ് ചെലവുകളാണ് ഇടക്കാല ബജറ്റില്‍ ഉണ്ടാവുക.