31 in Thiruvananthapuram

അടല്‍ സേതു ഉദ്ഘാടനം ചെയ്ത് മോദി; മുംബൈ ടു നവി മുംബൈ യാത്ര രണ്ട് മണിക്കൂറില്‍ നിന്ന് 20 മിനിറ്റിലേക്ക്..!

Posted by: TV Next January 12, 2024 No Comments

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ( എം ടി എച്ച് എല്‍ ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സെവ്രി – നവ ഷെവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നു. ഇത് നിലവിലെ രണ്ട് മണിക്കൂര്‍ യാത്രയെ ഏകദേശം 15-20 മിനിറ്റായി കുറയ്ക്കും.

17,840 കോടി രൂപ ചെലവിട്ടാണ് 21.8 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം നിര്‍മിച്ചിരിക്കുന്നത്. 2016 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന്റെ തറക്കല്ലിട്ടത്. ഏഴ് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കി കടല്‍പ്പാലം രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ പാലം മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുമുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

കൂടാതെ ഇത് മുംബൈയില്‍ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പാലം സഹായിക്കും. 16.50 കിലോമീറ്റര്‍ കടലിന് മുകളിലൂടേയും 5.50 കിലോമീറ്റര്‍ കരയിലൂടെയുമാണ് ആറ് വരി പാത കടന്ന് പോകുന്നത്. മോട്ടോര്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടര്‍ എന്നിവ കടല്‍പ്പാലത്തില്‍ അനുവദിക്കില്ല.
നാല് ചക്ര വാഹനങ്ങള്‍ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗപരിധി പാലിക്കണം. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും മണിക്കൂറില്‍ 40 കിലോ മീറ്ററാണ് വേഗ പരിധി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 4 ന് എം ടി എച്ച് എല്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് ഒരു യാത്രയ്ക്ക് 250 രൂപ വണ്‍വേ ടോള്‍ ഈടാക്കാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കടല്‍പ്പാലത്തിലൂടെ മടക്കയാത്ര നടത്തുന്ന കാറുകള്‍ക്ക് 375 രൂപ ടോള്‍ ഈടാക്കും.

പ്രതിമാസ, പ്രതിദിന പാസുകള്‍ യഥാക്രമം 625 രൂപയ്ക്കും 12,500 രൂപയ്ക്കും ലഭിക്കും. ഓട്ടോമേറ്റഡ് ടോള്‍ പിരിവും ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റങ്ങളും, ഓര്‍ത്തോട്രോപിക് സ്റ്റീല്‍ ഡെക്ക് സ്പാനുകളും പോലുള്ള നൂതന സവിശേഷതകള്‍ പാലത്തില്‍ ഉണ്ട്. ഷിപ്പിംഗ് റൂട്ടുകളെ തടസപ്പെടുത്തുന്ന സപ്പോര്‍ട്ടിംഗ് പില്ലറുകളുടെ തൂണുകളില്ലാതെ പാലത്തില്‍ കൂടുതല്‍ സ്പാനുകള്‍ അനുവദിക്കുന്നു.