ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരായ വിവാദ പരാമർശത്തിൽ മന്ത്രിമാർക്കെതിരെ നടപടിയുമായി മാലിദ്വീപ് സർക്കാർ. മന്ത്രി മറിയം ഷിവുന ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് സസ്പെൻഷൻ നടപടി. മറ്റ് മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ഇവരുടെ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ആഡംബര റിസോർട്ടുകളാൽ സമ്പന്നമായ നൂറിലധികം ദ്വീപുകളുള്ള മാലിദ്വീപിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കിയതായി നിരവധി ഇന്ത്യക്കാർ സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.
‘
എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്‌റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നായിരുന്നു മറിയം എക്‌സ് പോസ്‌റ്റിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ച് കുറിച്ചത്. ഇതിന് പിന്നാലെ ഈ പോസ്‌റ്റ് വിവാദമായിരുന്നു. തുടർന്ന് ഈ പോസ്‌റ്റ് മന്ത്രി നീക്കം ചെയ്‌തിരുന്നു.
സർക്കാർ പദവിയിലിരിക്കെ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്‌റ്റുകൾ ഇട്ടവരെ ഇപ്പോൾ പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്’ സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെ സസ്പെൻഡ് ചെയ്‌തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇത് വലിയ രീതിയിൽ വൈറലാവുകയും ചെയ്‌തിരുന്നു. പ്രധാനമന്ത്രി സ്‌നോർക്കെല്ലിംഗ് നടത്തുന്നതിടെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് മാലിദ്വീപിന് ബദലാണെന്ന് ഉൾപ്പെടെ പലരും അഭിപ്രായപ്രകടനം നടത്തുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ മാലിദ്വീപിലെ മേൽപറഞ്ഞ മന്ത്രിമാരും മറ്റ് ചില നേതാക്കളും അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. രാജ്യത്തെ നിരവധി പ്രതിപക്ഷ നേതാക്കൾ മോശം ഭാഷയെ വിമർശിച്ചനെത്തുടർന്ന് മാലിദ്വീപ് സർക്കാർ നേരത്തെ ഈ പരാമർശങ്ങളെ തള്ളിപ്പറയുകയും അവരുടെ അഭിപ്രായങ്ങൾ “വ്യക്തിപരമാണെന്നും സർക്കാരിന്റെ കാഴ്‌ചപ്പാടുകളെ പ്രതിനിധീകരിക്കുന്നതല്ല” എന്നും അറിയിച്ചിരുന്നു. എങ്കിലും പ്രതിഷേധം കൂടുതൽ ശക്തമാവുകയാണുണ്ടായത്.