31 in Thiruvananthapuram

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥി

Posted by: TV Next January 1, 2024 No Comments

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎംഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തും. നടി നിഖില വിമലും ഉദ്ഘാടനത്തിന്റെ ഭാഗമാകും. നടിയും നർത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും ഉദ്ഘാടന ചടങ്ങിൽ നടക്കും.

239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. 1957-ല്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളര്‍ന്ന മേള 2018ല്‍ പരിഷ്കരിച്ച മനുവലിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവൽ വിശദമായി പരിഷ്കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി.


കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. കാസർകോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്.ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പായി 1000 രൂപ നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധിനിര്‍ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനവരി എട്ടിനാണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും. മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയാകും.

 

ഭക്ഷണമൊരുക്കുക പഴയിടം തന്നെ;

മന്ത്രി വി ശിവൻകുട്ടി ഇത്തവണയും കലോത്സവത്തിന് പഴയിടം നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വെജിറ്റേറിയൻ ഭക്ഷണം തന്നെയാകും ഒരുക്കുക. ഇത് സംബന്ധിച്ച് തർക്കം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലാണ് പന്തൽ ഒരുക്കുന്നതെന്നും മന്ത്രി അറിയിച്ചു.