വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 80 മില്യണ്‍ ഡോളര്‍ നല്‍കണം എന്ന് കോടതി വിധിച്ചു. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയുടേതാണ് വിധി. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി അധികം തുകയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്.
അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ ട്രംപ് അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വിധി വരും മുന്‍പേ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ നിന്ന് ട്രംപ് ഇറങ്ങിപ്പോയി. 2019 ല്‍ ആയിരുന്നു ജീന്‍ കാരള്‍ ട്രംപിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. 1990 ല്‍ തന്നെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ വച്ച് ട്രംപ് പീഡിപ്പിച്ചു എന്നായിരുന്നു കാരളിന്റെ ആരോപണം.
എന്നാല്‍ ഇത് നിഷേധിച്ച ട്രംപ് കാരള്‍ തന്റെ തരക്കാരിയല്ല എന്നും മനപൂര്‍വം വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാരള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ട്രംപിന്റെ നിഷേധങ്ങള്‍ സത്യം പറഞ്ഞ ഒരു ബഹുമാന്യ പത്രപ്രവര്‍ത്തക എന്ന തന്റെ സല്‍പ്പേരിനെ ‘തകര്‍ത്തു’ എന്ന് പറഞ്ഞായിരുന്നു കാരള്‍ കേസ് ഫയല്‍ ചെയ്തത്.
മാന്‍ഹാട്ടനിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ഷോപ്പിങ് നടത്തുമ്പോഴാണ് ട്രംപിനെ കണ്ടത് എന്നും അന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖനായിരുന്നു എന്നും പീഡനവിവരം വെളിപ്പെടുത്തി കൊണ്ടുള്ള ലേഖനത്തില്‍ കാരള്‍ പറഞ്ഞിരുന്നു. സൗഹൃദം നടിച്ചെത്തി ഡ്രസ്സിങ് റൂം വാതില്‍ അടച്ച് ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു കാരള്‍ പറഞ്ഞത്. വീട്ടില്‍ നിന്നു പുറത്താക്കുമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാലാണ് അന്ന് പൊലീസില്‍ പരാതിപ്പെടാതിരുന്നത് എന്നും ട്രംപ് പറഞ്ഞിരുന്നു. നവംബറിലെ യു എസ് തെരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ പ്രചാരണത്തില്‍ കാരളിന്റെ കേസ് ഒരു വിഷയമായി മാറും. ട്രംപ് വിചാരണയില്‍ ഭൂരിഭാഗവും പങ്കെടുത്തിരുന്നുവെങ്കിലും വിധി പറയാന്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നില്ല.
നമ്മുടെ നിയമസംവിധാനം നിയന്ത്രണാതീതമാണ് എന്നും അത് ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്നും ഇത് അമേരിക്കയല്ല എന്നും വിധിക്ക് പിന്നാലെ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതേസമയം കാരള്‍ വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഇത് വീഴ്ത്തപ്പെടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുന്ന ഓരോ സ്ത്രീയുടെയും മഹത്തായ വിജയമാണ് എന്നും ഒരു സ്ത്രീയെ താഴെയിറക്കാന്‍ ശ്രമിച്ച ഓരോ ഭീഷണിപ്പെടുത്തുന്നവരുടെയും തോല്‍വിയാണ് എന്നും കാരള്‍ പറഞ്ഞു.