31 in Thiruvananthapuram

Budget 2024: കേന്ദ്ര ബജറ്റ്; പഴയ നികുതി വ്യവസ്ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും, മറ്റ് സാധ്യതകൾ എന്തൊക്കെ..?

Posted by: TV Next January 16, 2024 No Comments

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്.

 

അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇടക്കാല ബജറ്റിൽ പഴയ നികുതി വ്യവസ്ഥയിൽ മാത്രം ചില അധിക നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

പഴയ നികുതി വ്യവസ്ഥയിലെ പുതിയ മാറ്റങ്ങളിൽ വനിതാ കർഷകർക്കായി ചില അധിക പ്രഖ്യാപനങ്ങളും, ആദായനികുതി പരിധി 7 ലക്ഷം രൂപയ്ക്ക് അടുത്ത് ഉള്ളവരെയും ഇതിൽ ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു. പ്രത്യക്ഷ നികുതികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയ നടപടികളും സർക്കാരിന്റെ ധനക്കമ്മിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.


എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രഖ്യാപനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ഇക്കാര്യത്തിൽ അന്തിമ വിധി അറിയാൻ ഫെബ്രുവരി ഒന്ന് വരെ കാത്തിരിക്കണം. അന്നാണ് തന്റെ തുടർച്ചയായ ആറാമത്തെ ബജറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ എത്തുക. ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്ത മാസം ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കവേ, ഫെബ്രുവരി 1ന് “ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ” ഒന്നും തന്നെ ഉണ്ടാകില്ലെന്ന് കേന്ദ്രം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്, കാരണം ബജറ്റ് വോട്ട് ഓൺ അക്കൗണ്ടിനായി മാത്രമേ അവതരിപ്പിക്കൂ എന്നതാണ്. എങ്കിലും വിവിധ മേഖലകളിൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ പലരും പ്രതീക്ഷിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുകയും പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ മന്ത്രിസഭ ചുമതലയേൽക്കുകയും ചെയ്‌ത ശേഷം, 2024ലെ സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയ് മാസത്തോടെയാവും പുതിയ ധനമന്ത്രി അവതരിപ്പിക്കുക.

 

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വലിയ നികുതി പ്രഖ്യാപനങ്ങളോ, നയത്തിലെ മാറ്റങ്ങളോ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ മുമ്പ് തന്നെ പറഞ്ഞിരുന്നു. ഈ ബജറ്റ് പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒരു ഇടക്കാല പരിധിയിൽ മാത്രമാണ് നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പ്രതീക്ഷ വയ്‌ക്കേണ്ടെന്ന് സാരം.