കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ആറരയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി സി സി ജംഗ്ഷനിൽ എത്തി റോഡ് ഷോയിൽ പങ്കെടുക്കും.
രാത്രി ഏഴ് മണിക്കും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോ മീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും.
ശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽ കൂടി നരേന്ദ്ര മോദി പങ്കെടുക്കും. ഇതിന് ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതേ സമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങുടെ ഭാഗമായി ജനുവരി 17 ന് ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടശ്ശേരി, ചൂണ്ടൽ നാട്ടിക. വലപ്പാട് ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ പരിധികളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കണം. മുൻ നിശ്ചയിച്ച പ്രകരാമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി, തൃപ്രയാർ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 17 ന് തൃശൂർ., കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർ ക്രാഫ്റ്റുകൾ ഹാങ് ഗ്ലൈഡറുകൾ റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളി വസ്തുക്കൾ ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.