29 in Thiruvananthapuram

ആ സിംഹാസനം മസ്‌ക് ഇങ്ങെടുത്തു, സമ്പത്തില്‍ ബില്യണുകളുടെ കുതിപ്പ്, അംബാനിയും മോശമാക്കിയില്ല

Posted by: TV Next December 30, 2023 No Comments

ആഗോള സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്. ഫ്രഞ്ച് ആഡംബര കമ്പനികളുടെ അധിപനായ ബെര്‍നാര്‍ഡ് അര്‍നോയുടെ കൈയ്യില്‍ നിന്നാണ് ഒന്നാം സ്ഥാനം മസ്‌ക് തിരിച്ചുപിടിച്ചത്. 95.4 ബില്യണിന്റെ കുതിപ്പാണ് വ്യാഴാഴ്ച്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോഴേക്കും മസ്‌ക് സ്വന്തമാക്കിയത്.

ടെസ്ലയുടെയും, സ്‌പേസ് എക്‌സിന്റെയും വമ്പന്‍ വിജയങ്ങളാണ് മസ്‌കിന്റെ കുതിപ്പിന് കാരണം. 2022ല്‍ മസ്‌കിന് 138 ബില്യണിന്റെ നഷ്ടമാണ് ഉണ്ടായത്. അത് നികത്തുന്ന മുന്നേറ്റമാണ് ഈ വര്‍ഷം കാഴ്ച്ചവെച്ചിരിക്കുന്നത്. അര്‍നോയുടെ സമ്പത്തിനേക്കാള്‍ 50 ബില്യണ്‍ യുഎസ് ഡോളര്‍ കൂടുതലാണ് മസ്‌കിന്റെ ആസ്തി.

ലൂയി വുയ്‌തോണ്‍ അടക്കമുള്ള വമ്പന്‍ കമ്പനികളുടെ ഉടമയാണ് ബെര്‍ണാഡ് അര്‍നോ. അതേസമയം ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ തന്നെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അവരുടെ ഓഹരികളിലും ഇടിവുണ്ടായിരിക്കുകയാണ്. അതാണ് മസ്‌കിന്റെ മുന്നേറ്റത്തിനും വഴിയൊരുക്കിയത്.

അതേസമയം മസ്‌ക് മൊത്തം 101 ബില്യണിന്റെ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബ്ലൂബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സില്‍ പറയുന്നു. മസ്‌കിന്റെ വ്യക്തിപരമായ ആസ്തി 2021ല്‍ 340 ബില്യണ്‍ ഡോളറായിരുന്നു. 2022ല്‍ വമ്പന്‍ തിരിച്ചടി മസ്‌ക് നേരിട്ടു. ഇപ്പോള്‍ 238 ബില്യണാണ് മസ്‌കിന്റെ ആസ്തി. ടെസ്ല വിവിധയിടങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിച്ചതും, അതുപോലെ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടതും മസ്‌കിനെ ഒന്നാം സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അതുപോലെ 70 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം ആസ്തി വര്‍ധിപ്പിച്ചത്. അര്‍നോയുമായി രണ്ടാം സ്ഥാനത്തിന് കടുത്ത മത്സരമാണ് ബെസോസ് നടത്തുന്നത്.

മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 80 ബില്യണിലധികമാണ് ഈ വര്‍ഷം ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. ലോക കോടീശ്വരന്‍മാരില്‍ ആദ്യത്തെ 500 പേരുടെ സമ്പാദ്യം 1.5 ട്രില്യണാണ് 2023ല്‍ വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം മൊത്തം 1.4 ട്രില്യണായിരുന്നു ഇവരുടെ നഷ്ടം. ടെക് കോടീശ്വരന്മാരുടെ ആസ്തി 658 ബില്യണാണ് വര്‍ധിച്ചത്. അതേസമയം ലോകത്ത് ആദ്യമായി ഒരു വനിത നൂറ് ബില്യണില്‍ അധികം സമ്പത്ത് നേടുന്നതിനും 2023 സാക്ഷിയായി. ഫ്രാന്‍സ്വ ബെറ്റന്‍കോര്‍ട്ട് മയേഴ്‌സ് ആണ് ഈ വനിത. 100.1 ബില്യണാണ് ഇവരുടെ ഇപ്പോഴത്തെ ആസ്തി. ഇവരുടെ കമ്പനിയാണ് ലോറിയല്‍. ഇതിന്റെ ഓഹരികളില്‍ വന്‍ കുതിപ്പുണ്ടായി. ലോകത്തെ 12ാമത്തെ ധനികയായ വ്യക്തിയാണ് അവര്‍.

അതേസമയം മുകേഷ് അംബാനിക്ക് ഈ വര്‍ഷം 9.98 ബില്യണിന്റെ ആസ്തിയാണ് വര്‍ധിച്ചത്. മൊത്തം ആസ്തി 97.1 ബില്യണായിട്ടാണ് ഉയര്‍ന്നത്. മുകേഷ് അംബാനി ല ലോക കോടീശ്വരന്മാരില്‍ 13ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ വഴിയാണ് അംബാനിക്ക് വരുമാനം ലഭിക്കുന്നത്. റിലയന്‍സ് ഓഹരികളില്‍ 9 ശതമാനത്തിന്റെ കുതിപ്പും അംബാനിക്ക് ലഭിച്ചതോടെ വരുമാനം ഉയരുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് അദ്ദേഹം.