23 in Thiruvananthapuram

സർക്കാരിന് ചിരി, ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

8 months ago
TV Next
83

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗവർണർക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് നടപടി. അതേസമയം സർക്കാർ – ഗവർണർ പോരിനിടിയിൽ ബില്ലിന് അംഗീകാരം ലഭിക്കുന്നതിന് സർക്കാരിന് നേട്ടമായി.

2022 ഓഗസ്റ്റിലായിരിന്നു ലോകായുക്ത ബിൽ കേരള നിയമസഭ പാസാക്കിയത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നുമായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി രാജീവ് പറഞ്ഞത്. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എന്നിവ എല്ലാം കൂടി ഒരേ സംവിധാനം തന്നെ നടത്തരുതെന്നും മറ്റൊരു സംസ്ഥാനത്തും ഇതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്തത്.

എന്നാൽ നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ബില്ലിൽ ഒപ്പിട്ടില്ല. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍വകലാശാലാ ട്രിബ്യൂണല്‍ നിയമനം സംബന്ധിച്ച ‌ബില്ലുകള്‍, ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകള്‍, സഹകരണ ബിൽ തുടങ്ഗങിയ ഏഴോളം ബില്ലുകൾ ഗവർണർ ഒപ്പിടാതെ പിടിച്ചുവെയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സർക്കാരിന്‌റെ ഹർജി പരിഗണിച്ച സുപ്രീം കോടതി അന്ന് ഗവർണർക്കെതിരെ അതിരൂക്ഷവിമർശനമാണ് ഉയർത്തിയത്. സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ലോകായുക്ത ബില്‍ അടക്കം ഒപ്പിടാതിരുന്ന ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്. ഒക്ടോബറിലായിരുന്നു ബില്ലുകൾ അയച്ചത്. ഇതിനാണിപ്പോൾ രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുന്നത്. ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. അതേസമയം ബില്ലിന് അനുമതി ലഭിച്ചതോടെ ലോകായുക്തയുടെ അധികാരം ഇനി കുറയും. ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് തുടരാനാകും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം എൽ എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാലും നിയമസഭയിലെ ഭൂരിപക്ഷം വച്ച് ലോകായുക്തയുടെ ഉത്തരവ് തള്ളാം.

Leave a Reply