28 in Thiruvananthapuram

ഇന്ത്യ ഇടഞ്ഞു… ടൂറിസം വരുമാനം ഇടിയുമെന്നുറപ്പായി; സഹായിക്കണമെന്ന് ചൈനയോട് മാലിദ്വീപ്

10 months ago
TV Next
121

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ‘തീവ്രമാക്കണം എന്ന്’ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ മാലിദ്വീപിലേക്കുള്ള യാത്ര ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ബഹിഷ്‌കരിച്ചിരുന്നു.

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈ ട്രിപ് മാലിദ്വീപിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് ചൈനീസ് സഹായം തേടിയത്. ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മുയിസു ഫുജിയാന്‍ പ്രവിശ്യയില്‍ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ചൈനയെ മാലിദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയെന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി.


ചൈന തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലും വികസന പങ്കാളികളിലും ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന് മുമ്പുള്ള വിപണിയില്‍ ചൈന തങ്ങളുടെനമ്പര്‍ വണ്‍ ആയിരുന്നു. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഞങ്ങള്‍ ശക്തമാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. മാലിദ്വീപ് പ്രസിഡന്റ് തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ ചില മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരിലാണ് നയതന്ത്ര ബന്ധം വഷളായത്. ഇതോടെ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ റിസര്‍വേഷന്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുയിസുവിന്റെ അഭ്യര്‍ത്ഥന. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയെ മുയിസു പ്രശംസിക്കുകയും അതില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപില്‍ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യണ്‍ യു എസ് ഡോളറിന്റെ പദ്ധതിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2023-ല്‍ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്, 209,198 പേര്‍ എത്തി. 209,146 പേര്‍ എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 187,118 പേര്‍ എത്തിയ ചൈന മൂന്നാം സ്ഥാനത്തും ആയിരുന്നു.


ലക്ഷദ്വീപ് സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ഇന്ത്യ അപലപിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ഉപമന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

Leave a Reply