25 in Thiruvananthapuram

പുതുവര്‍ഷത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം

10 months ago
TV Next
107

ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. തമോഗര്‍ത്ത പഠനമാണ് എക്സ്പോസാറ്റിലൂടെ ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്.

ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള അടുത്ത ചരിത്രപരമായ ചുവടുവയ്പ്പാണിത്. ഗാലക്‌സിയിലെ തമോദ്വാരങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാന്‍ അമേരിക്കയ്ക്ക് ശേഷം ഒരു പ്രത്യേക ഉപഗ്രഹം അയയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. പി എസ് എല്‍ വിയുടെ അറുപതാമത്തെ വിക്ഷേപണം എന്ന പ്രത്യേകതയും എക്‌സ്‌പോസാറ്റിനുണ്ട്.

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ദൗത്യത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്സ്പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ എത്തിക്കുന്നത്.

തിരുവനന്തപുരം പൂജപ്പുര എല്‍ ബി എസ് വനിതാ എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചാണ് വിസാറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. പി എസ് എല്‍വിയുടെ ആദ്യവിക്ഷേപണം 1993 സെപ്റ്റംബറിലായിരുന്നു. 59 വിക്ഷേപണങ്ങളിലായി രാജ്യത്തിന്റെ 345 ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്. എക്‌സ്‌പോസാറ്റിന് രണ്ട് പേലോഡുകള്‍ ആണ് ഉള്ളത്. പോളിക്‌സ്, എക്‌സെപ്ക്ട് എന്നിങ്ങനെയാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. പോളിക്‌സ് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെവി ഫോട്ടോണുകളുടെ മീഡിയം എക്‌സ്-റേ എനര്‍ജി ശ്രേണിയിലെ ധ്രുവീകരണ പാരാമീറ്ററുകള്‍ അളക്കും.


യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററുമായി സഹകരിച്ച് ബാംഗ്ലൂരിലെ രാമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ പലോഡ് വികസിപ്പിച്ചിരിക്കുന്നത്. കോളിമേറ്റര്‍, സ്‌കാറ്ററര്‍, സ്‌കാറ്റററിന് ചുറ്റുമുള്ള നാല് എക്സ്-റേ ആനുപാതിക കൗണ്ടര്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉപയോഗിച്ചാണ് ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. 0.815 കെവി ഊര്‍ജ്ജ ശ്രേണിയില്‍ സ്‌പെക്ട്രോസ്‌കോപ്പിക് വിവരങ്ങളാണ് എക്‌സ്‌പെക്ട് നല്‍കുക.

Leave a Reply