28 in Thiruvananthapuram

രാമക്ഷേത്ര ഉദ്ഘാടനം നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടിയെന്ന് രാഹുൽ ഗാന്ധി, മറുപടിയുമായി ബിജെപി

10 months ago
TV Next
123

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജനുവരി 22ലെ പരിപാടി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നരേന്ദ്ര മോദിയുടെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. അത് പൂര്‍ണമായും ഒരു ബിജെപി-ആര്‍എസ്എസ് പരിപാടിയാണ്. അതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്, രാഹുല്‍ ഗാന്ധി പറഞ്ഞു.


ഞങ്ങള്‍ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും അംഗീകരിക്കുന്നു. ഹിന്ദു മതത്തിന്റെ ഏറ്റവും ഉയര്‍ന്ന കേന്ദ്രങ്ങള്‍ തന്നെ 22ലേത് രാഷ്ട്രീയ പരിപാടിയാണ് എന്നുളള തങ്ങളുടെ നിലപാട് പരസ്യമായി പറഞ്ഞിട്ടുളളതാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയേയും ആര്‍എസ്എസിനേയും കേന്ദ്രീകരിച്ച് കൊണ്ട് നടത്തുന്ന ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റേതായ സ്വന്തം ലോകത്ത് ജീവിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിലെ ജനം ആവശ്യത്തിന് ബുദ്ധിയുളളവരാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം അവര്‍ക്ക് മനസ്സിലാകും. രാഹുല്‍ ഗാന്ധിക്ക് എന്ന് മറുപടി കൊടുക്കണം എന്നുളള കാര്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ വിട്ടുകൊടുക്കുകയാണ്, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


അദ്ദേഹത്തിന്റെ ഗുരു സാം പിത്രോഡയും കഴിഞ്ഞ ദിവസം സമാന കാര്യം പറയുകയുണ്ടായി. രാഹുലിന് അദ്ദേഹത്തിന് തോന്നുന്നത് പോലെ കരുതാം. പക്ഷേ കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇതൊരു വൈകാരിക വിഷയമാണ്, രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠ ചടങ്ങിലേക്കുളള ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ നിരസിച്ചിരുന്നു.

Leave a Reply