25 in Thiruvananthapuram

ശബരിമലയിൽ ഇന്ന് മകരവിളക്ക് ദർശനം; സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം, ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

9 months ago
TV Next
93

പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദർശനം ഇന്ന്. മകര ജ്യോതി, വിളക്ക് ദർശനത്തിനായി സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് ആറ് മണിയോടെ സന്നിധാനത്തെത്തും. തുടർന്നാണ് ദീപാരാധാന നടക്കുക. ഇതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ വിളക്കും തെളിയും. ദർശന സായൂജ്യത്തിനായി ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുകയാണ്.

മകര സംക്രമ പൂജ ഇന്ന് പുലർച്ചെ 2.45ന് നടന്നു. സൂര്യൻ ധനു രാശിയിൽ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. മകര ജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകൾ ഉണ്ട്. മകര വിളക്ക് ദർശനത്തിനായി പുൽമേട്ടിലും ആളുകളെത്തും.

ഇവിടെയും സുരക്ഷാ ഒരുക്കങ്ങളടക്കം പൂർത്തിയായിട്ടുണ്ട്. ഡ്രോൺ നിരീക്ഷണമടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. സത്രം, കാനനപാത, വള്ളക്കടവ് ചെക്ക് പോസ്‌റ്റ് എന്നിവിടങ്ങൾ വഴി പുൽമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ.

ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണ് ഒരുക്കിയിട്ടുള്ളത്. മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശത്ത്, മരാമത്ത് കോംപ്ലക്‌സിന് മുൻവശത്തെ തട്ടുകൾ, ബിഎസ്എൻഎൽ ഓഫീസിന് വടക്ക് ഭാ​ഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകൾ ഭാ​ഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട് അന്നദാന മണ്ഡപത്തിന് മുൻവശം, ഇൻസിനറേറ്റിന് മുൻവശം തുടങ്ങിവയാണ് വ്യൂ വ്യൂ പോയിന്റുകൾ.

 

അതേസമയം, സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി 800 ബസ്സുകൾ പമ്പയിലെത്തിച്ചിട്ടുണ്ട്. മകര ജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്നവർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പമ്പ ഹിൽടോപ്പ് മുലതൽ‌ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസുകൾ ഇടതടവ് ഇല്ലാതെ സർവീസ് നടത്താനാണ് തീരുമാനം.

Leave a Reply