25 in Thiruvananthapuram

മകരവിളക്ക്, തൈപ്പൊങ്കല്‍; സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

9 months ago
TV Next
84

തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് ഈ ജില്ലകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

മകരശീവേലി പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടും അവധി അനുവദിച്ചു. അതേസമയം പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു.

യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. വെള്ളിയാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചു. 06235 യശ്വന്ത്പുര്‍- കൊച്ചുവേളി ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ ശനി രാത്രി 11.55 ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയില്‍ എത്തും. 06236 കൊച്ചുവേളി-യശ്വന്ത്പുര്‍ ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷല്‍ 14ന് രാത്രി 10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.


ജനുവരി 15 നാണ് ശബരിമലയിലെ മകരവിളക്ക് മഹോത്സവം. അന്ന് പുലര്‍ച്ചെ 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. തുടര്‍ന്നാണ് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കുക.

ജനുവരി 15, 16, 17, 18, 19 തിയതികളില്‍ എഴുന്നുള്ളിപ്പും 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ജനുവരി 21 ന് രാവിലെ പന്തള രാജാവിന് മാത്രമായിരിക്കും ദര്‍ശനം. തുടര്‍ന്ന് ശബരിമല നട അടയ്ക്കും.

Leave a Reply