നമ്മുടെ നാട്ടിൽ ഇപ്പോൾ എവിടെ നോക്കിയാലും പാമ്പുകളാണ്. സോഷ്യൽ മീഡിയ തുറന്നാലും വാർത്താ ചാനലുകൾ തുറന്നാലും അവിടെയും കാണാം കിടക്കയിൽ പാമ്പ്, ഷൂസിനുളളിൽ പാമ്പ്, ഹെൽമറ്റിനുളളിൽ പാമ്പ് അങ്ങനെയങ്ങനെ.. പാമ്പ് കടിയേറ്റ് നിരവധി മരണങ്ങളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാട്ടിൽ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളിൽ മനുഷ്യവാസമുള്ള ഇടങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും അതീവ അപകടകാരികളുമായ നാല് പാമ്പുകളാണ് ഉളളത്. ഇന്ത്യയിലെ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗത്തിനും കാരണമാകുന്നത് ഈ നാല് വർഗ്ഗങ്ങളാണ്.
ഇന്ത്യയിലെ പാമ്പുകളിൽ ഏറ്റവും പ്രശസ്തനും ഭയപ്പെടുത്തുന്നതുമായ ഒന്നാണ് ഇന്ത്യൻ കോബ്ര അഥവാ നമ്മുടെ നാട്ടിലെ മൂർഖൻ പാമ്പ്. തലയിലെ ഫണം വിടർത്തി നിൽക്കുന്ന ഇവയുടെ രൂപം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. സാധാരണയായി കൃഷിയിടങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവയ്ക്ക് മനുഷ്യവാസമുള്ള ഇടങ്ങളോട് പ്രത്യേക ഭയമില്ല. തമിഴ്നാട്, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തുറസ്സായ സ്ഥലങ്ങളിൽ ഇവയെ ധാരാളമായി കാണാൻ സാധിക്കും. പ്രകോപിപ്പിക്കപ്പെട്ടാൽ മാത്രമേ ഇവ സാധാരണയായി ആക്രമിക്കാറുള്ളൂ എങ്കിലും ഇവയുടെ വിഷം നാഡീവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നവയാണ്.
രണ്ടാമൻ റസ്സൽസ് വൈപ്പർ അഥവാ അണലിയാണ്. വളരെ സാവധാനത്തിൽ ചലിക്കുന്ന സ്വഭാവമാണെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ഇവ അതീവ വേഗതയുള്ളവരാണ്. തവിട്ടുനിറത്തിലുള്ള ശരീരത്തിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള അടയാളങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ഉണങ്ങിയ ഇലകൾക്കിടയിലും പുല്ലുകൾക്കിടയിലും ഒളിച്ചിരിക്കുന്ന ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. മഹാരാഷ്ട്രയിലെയും പശ്ചിമഘട്ടത്തിലെയും പുൽമേടുകളിൽ ഇവയെ വന്യജീവി നിരീക്ഷകർക്ക് കണ്ടെത്താൻ സാധിക്കും. ഇവയുടെ വിഷം രക്തത്തെയാണ് ബാധിക്കുന്നത് എന്നതിനാൽ കടിയേറ്റാൽ എത്രയും വേഗം ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
വളരെ ചെറുതാണെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പാമ്പുകളിൽ ഒന്നാണ് സോ-സ്കെയിൽഡ് വൈപ്പർ അഥവാ ചുരുട്ടമണ്ഡലി. വലിപ്പക്കുറവ് കണ്ട് ഇവയെ നിസ്സാരമായി കാണരുത്, കാരണം ഇവയുടെ സ്വഭാവം വളരെ ആക്രമണോത്സുകമാണ്. ഭീഷണിയുണ്ടായാൽ ശരീരം തമ്മിൽ ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന രീതി ഇവയ്ക്കുണ്ട്. രാജസ്ഥാനിലെ മണൽ നിറഞ്ഞ പ്രദേശങ്ങളിലും ഗുജറാത്തിലെ വരണ്ട ഇടങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന ഈ പാമ്പുകൾ വലിപ്പക്കുറവ് കാരണം കാൽനടയാത്രക്കാരുടെ കണ്ണിൽപ്പെടാൻ സാധ്യത കുറവാണ്.
നാലാമത്തെ പാമ്പ് കോമൺ ക്രെയ്റ്റ് അഥവാ വെള്ളിക്കെട്ടൻ ആണ്. കറുത്ത ശരീരത്തിൽ വെള്ള നിറത്തിലുള്ള വരകളുള്ള ഈ പാമ്പ് പകൽസമയത്ത് വളരെ ശാന്തനാണെങ്കിലും രാത്രിയിൽ അതീവ അപകടകാരിയായി മാറുന്നു. മനുഷ്യർ ഉറങ്ങിക്കിടക്കുമ്പോൾ കടിക്കാൻ സാധ്യതയുള്ള പാമ്പായതിനാൽ ഗ്രാമപ്രദേശങ്ങളിൽ ഇവ വലിയ പേടിസ്വപ്നമാണ്. പലപ്പോഴും ഇവയുടെ കടിയേറ്റാൽ വേദന അനുഭവപ്പെടാത്തത് അപകടത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ഉത്തരേന്ത്യൻ സമതലങ്ങളിലും പശ്ചിമ ബംഗാളിലെ കാർഷിക മേഖലകളിലും ഇവയെ ധാരാളമായി കാണാം.