സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒയും സണ്‍ ടിവി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും തമ്മിലുള്ള വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇന്ന് ഗ്രീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സെന്‍സേഷണലായ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് അതിവേഗമാണ് അനിരുദ്ധ് എത്തിയത്.
കാവ്യ മാരനുമായുള്ള വിവാഹത്തിലൂടെ അനിരുദ്ധ് തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമ്പോള്‍, സംഗീത രംഗത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ചയും ആ യാത്രയില്‍ അദ്ദേഹം നേടിയ സമ്പത്തും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാകുകയാണ്. വൈ ദിസ് കൊലവെറി ഡി എന്ന ഗാനത്തിലൂടെയാണ് അനിരുദ്ധ് ശ്രദ്ധേയനാകുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ വമ്പന്‍ സിനിമകള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരില്‍ ഒരാളായി മാറി.
അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 50 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് അനിരുദ്ധ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സിനിമയ്ക്ക് ഏകദേശം 8 കോടി മുതല്‍ 10 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ചില പ്രോജക്റ്റുകള്‍ക്കായി അദ്ദേഹം 10 കോടി മുതല്‍ 12 കോടി രൂപ വരെ പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അല്ലു അര്‍ജുനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി അനിരുദ്ധ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ പ്രോജക്റ്റിനായി അദ്ദേഹത്തിന് ഏകദേശം 25 കോടി രൂപയാണ് പ്രതിഫലമായി നല്‍കിയതെന്ന് പറയപ്പെടുന്നു. അനിരുദ്ധിന്റെ സമ്പത്ത് അദ്ദേഹത്തിന്റെ ആഡംബര വാഹന ശേഖരത്തിലും പ്രതിഫലിക്കുന്നുണ്ട്.
എന്നാല്‍, അദ്ദേഹത്തിന്റെ കൈവശമുള്ള മുഴുവന്‍ വാഹനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2023-ല്‍ ജയിലര്‍ എന്ന സിനിമയുടെ വിജയത്തിനു പിന്നാലെ, കാവ്യയുടെ പിതാവായ കലാനിധി മാരന്‍, ഏകദേശം 1.1 കോടി രൂപ വിലമതിക്കുന്ന ഒരു പോര്‍ഷെ മക്കാന്‍ അനിരുദ്ധിന് സമ്മാനിച്ചിരുന്നു. ഇതിനു പുറമെ, ബിഎംഡബ്ല്യു iX1 എല്‍ഡബ്ല്യുബി, മഹീന്ദ്ര ബിഇ , ഫോര്‍ഡ് മസ്താങ് ജിടി തുടങ്ങിയ ആഡംബര വാഹനങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
സിനിമയ്ക്കും സംഗീതത്തിനും അപ്പുറത്തേക്ക് തന്റെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ച അനിരുദ്ധിനെ, സ്റ്റാര്‍ട്ടപ്പ് രംഗത്തും കാണാം. തമിഴ്നാട്ടിലും കര്‍ണാടകയിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട്, ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി, ലഘുഭക്ഷണ ബ്രാന്‍ഡായ വി.എസ്. മണി ആന്‍ഡ് കമ്പനി 2024ല്‍ അനിരുദ്ധിനെ സഹസ്ഥാപകനായും ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു. ഈ സഹകരണത്തിന്റെ ഭാഗമായി കമ്പനിയില്‍ അനിരുദ്ധിന് ഓഹരി പങ്കാളിത്തവും ലഭിച്ചു. ഇതോടെ, വിനോദ വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തിന് പുറമെ, ബിസിനസ് മേഖലയില്‍ നിന്നും ഗണ്യമായ തുക അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തുന്നുണ്ട്.
അതേസമയം കാവ്യമാരനും ആസ്തിയുടെ കാര്യത്തില്‍ മോശമല്ല. ഇവരുടെ കമ്പനിയുടെ ആസ്തി മൂല്യം 400 കോടി മുതല്‍ 500 കോടി രൂപ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. യുകെയിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശേഷം, 2019-ല്‍ കാവ്യ സണ്‍ ടിവി നെറ്റ്വര്‍ക്കില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചേര്‍ന്നു. തുടര്‍ന്ന്, 2017-ല്‍ പിതാവ് സ്വന്തമാക്കിയ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ അവര്‍ നേതൃപരമായ ചുമതല ഏറ്റെടുത്തു. കുടുംബത്തിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കാവ്യ സജീവമായി പങ്കാളിയാണ്.
കലാനിധി മാരന്‍ 1993-ലാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക മാധ്യമ ശൃംഖലകളിലൊന്നായി വളര്‍ന്നു. ഇന്ന് 37 ടെലിവിഷന്‍ ചാനലുകളുള്ള ഈ ശൃംഖല രാജ്യത്തുടനീളമുള്ള 140 ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് എത്തുന്നു. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം, കലാനിധി മാരന്റെ ആസ്തി മൂല്യം ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 23,725 കോടി രൂപ) ആണ്.