ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദമാണ് തുടരുന്നത്. അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നും ഇതിനുശേഷം 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'-ന്റെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കേരള - കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദ പാത്തിയും ഉണ്ട്. ഈ സാഹചര്യത്തിൽ നാളെ മുതൽ 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിങ്ങനെ മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 3 ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 4 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.