പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണ വില കുതിച്ചുയരുകയാണ്. ബ്രെൻ്റ് ക്രൂഡ് വില നിലവിൽ 117 ഡോളറിന് മുകളിലാണ്. ഡബ്ല്യുടിഐ ക്രൂഡ് വില 103 ഡോളറിന് മുകളിലാണ്. ഇനിയും സംഘർഷം കടുക്കുമെന്നാണ് യുഎസ് നൽകുന്ന സൂചന. യുഎസ് ഇടക്കാലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് ഭീഷണി മുഴക്കുന്നുണ്ട്. തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകുന്ന.
സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ നവംബറിൽ എണ്ണവില വർധിപ്പിച്ചേക്കുമെന്നാണ് വിവരം.അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ കമ്പനികളെ സംബന്ധിച്ച് വില ഉയർത്താനുള്ള സൌകര്യപ്രദമായ അവസരം ഈ നവംബറിലാണ്. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇറാൻ-യു.എസ് സംഘർഷത്തിനിടെ എണ്ണ വില 7.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിൻ്റെ പകുതിയെങ്കിലും നവംബറിൽ വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം എണ്ണ വില വർധനവ് ഒക്ടോബർ-ഡിസംബർ പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 6.2 ശതമാനത്തിലേക്കും 2027 ലെ ആദ്യ മൂന്ന് മാസങ്ങളിൽ 6.5 ശതമാനത്തിലേക്കും ഉയർത്തിയേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. . പണപ്പെരുപ്പം 2 മുതൽ 6 ശതമാനം വരെയുള്ള പരിധിക്കുള്ളിൽ നിലനിർത്താനാകുമെന്നായിരുന്നു ആർബിഐയുടെ വിലയിരുത്തൽ. ഒക്ടോബർ-ഡിസംബർ പാദത്തിൽ പണപ്പെരുപ്പം 6 ശതമാനമായിരിക്കുമെന്ന് ഈ മാസമാദ്യം നടന്ന പണനയ അവലോകനത്തിൽ ആർബിഐ പ്രവചിച്ചിരുന്നു. ജനുവരി-മാർച്ച് കാലയളവിൽ പണപ്പെരുപ്പം 5.7 ശതമാനമായി കുറയുമെന്നും ആർബിഐ വിലയിരുത്തുന്നു.
അതേസമയം എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഡിസംബറിൽ വീണ്ടും ആർബിഐ പലിശനിരക്ക് ഉയർത്തിയേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബറിൽ ആർബിഐ റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ആണ് ഉയർത്തിയത്. 2023 ഫെബ്രുവരിക്ക് ശേഷം വരുത്തുന്ന ആദ്യ വർദ്ധനയാണിത്. ഉയരുന്ന പണപ്പെരുപ്പം, വർദ്ധിച്ച ക്രൂഡ് ഓയിൽ വില, രൂപയുടെ മൂല്യത്തകർച്ച എന്നിവ കണക്കിലെടുത്താണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതെന്ന് ആർബിഐ വ്യക്തമാക്കിയത്. അതേസമയം ഡിസംബറിൽ നടക്കുന്ന പണനയ സമിതി യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിക്കാൻ ആർബിഐ തയാറായേക്കുമെന്നാണ് പുതിയ പ്രവചനം.