Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
എന്തിന് ക്ലിനിക്കൽ ട്രയൽ ലേബലുള്ള ബോട്ടിലുകൾ കുഞ്ഞുങ്ങൾക്ക് നൽകി?
മലയാളം

എന്തിന് ക്ലിനിക്കൽ ട്രയൽ ലേബലുള്ള ബോട്ടിലുകൾ കുഞ്ഞുങ്ങൾക്ക് നൽകി?

October 24, 2026
1 min read

കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്തുന്നുവെന്ന ആരോപണത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനറിക് മെഡിസിനും ബ്രാൻഡഡ് മെഡിസിനും തമ്മിലുളള പ്രശ്നമാണ് ഇതെന്ന് വരുത്തിത്തീർക്കാനുളള ശ്രമം ആണ് നടക്കുന്നതെന്നും വീണാ ജോർജ് ആരോപിച്ചു.


വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സർക്കാർ മെഡിക്കൽ കോളേജിലൂടെ നടത്തി എന്ന അതീവ ഗുരുതരമായ വിഷയത്തെ മറച്ചുപിടിക്കാൻ ഇത് ജനറിക് മെഡിസിൻ V/s ബ്രാൻഡഡ് മെഡിസിൻ പ്രശ്നമാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ഉത്തരവാദികളായവർ ശ്രമിക്കുന്നത്.





കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ രോഗങ്ങൾക്കുള്ള 1037 ജനറിക് മരുന്നുകളാണ് വാങ്ങിയിരുന്നത്. അവ ഓരോന്നും ലക്ഷക്കണക്കിന് എണ്ണം വീതമാണ് ഓരോ വർഷവും സർക്കാർ കെ എം എസ് സി എല്ലിലൂടെ വാങ്ങിയത്. എസെൻഷ്യൽ ഡ്രഗ് ലിസ്റ്റിലുള്ള 865 മരുന്നുകളും ജനറിക് ആയിരുന്നു. ക്യാൻസറിനുള്ള 172 ജനറിക് മരുന്നുകൾ സർക്കാർ അന്ന് കാരുണ്യ സ്പർശം പദ്ധതിയിലൂടെ വാങ്ങി രോ​ഗികൾക്ക് നൽകി.


കോടതി വിധി ഉണ്ടായപ്പോൾ തന്നെ എസ് എം എക്ക് നാറ്റ്കോയുടെ മരുന്ന് നൽകുന്നത് പരിശോധിക്കാൻ ടെക്നിക്കൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത് മുൻ സർക്കാരാണ്. പക്ഷെ ഫെബ്രുവരി 2026-ൽ ചേർന്ന കമ്മിറ്റി ഇത് സർക്കാരിന് ശുപാർശ നൽകിയില്ല . ഇവിടെ ഇപ്പോൾ ഉണ്ടായ ഗുരുതരമായ കാര്യം ക്ലിനിക്കൽ ട്രയലിനുള്ള (മരുന്ന് പരീക്ഷണത്തിന്) മരുന്ന് കുഞ്ഞുങ്ങൾക്ക് നൽകി എന്നുള്ളതാണ്.





അപ്പോൾ ആ ഷെൽഫ് ലൈഫ് ഇല്ലാത്ത, രാജ്യത്ത് അനുവാദം ലഭിക്കുന്നതിന് മുൻപ് ഉത്പാദിപ്പിച്ച ഈ മരുന്ന്, പുറം ചട്ടയിലും ബോട്ടിലിലും എഴുതിയിരിക്കുന്നത് പോലെ ക്ലിനിക്കൽ പരീക്ഷണത്തിനാണെന്ന് മാതാപിതാക്കൾ കരുതിയാൽ അവരെ കുറ്റപ്പെടുത്തുന്നത് എങ്ങനെ? അവരുടെ ആശങ്ക ന്യായമാണ്. ജനറിക് മെഡിസിന് ക്ലിനിക്കൽ ട്രയൽ വേണ്ട എന്നാണെങ്കിൽ കമ്പനി എന്തിന് ക്ലിനിക്കൽ ട്രയൽ ലേബലോട് കൂടിയ മരുന്ന് കെ എം സി എല്ലിന് നൽകി? അത് തീർത്തും ദുരൂഹമാണ്. മുപ്പത്തിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി കയറ്റുമതിക്കുള്ള മരുന്ന് പരീക്ഷണമാണോ കേരളത്തിലെ കുഞ്ഞുങ്ങളിൽ നടത്തിയത്?




കെ എം സി എൽ വഴിയുള്ള മരുന്ന് വിതരണത്തിൽ എങ്ങനെ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് ഉൾപ്പെട്ടു? ഓരോ ബാച്ചിനും ക്വാളിറ്റി സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. അത് എന്ത് കൊണ്ട് ഈ മരുന്നിന് ഉണ്ടായില്ല? എയിംസ് ഉൾപ്പടെ രാജ്യത്തെ 15 സെന്റർ ഓഫ് എക്സലൻസുകളിൽ എവിടെ എങ്കിലും ടെൻഡർ പ്രോസസ്സ് വഴി ഈ മരുന്ന് വാങ്ങുന്നുണ്ടോ? ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം മരുന്ന് പരീക്ഷണത്തിൽ കൃത്യമായ മറുപടി സർക്കാർ പറയേണ്ടതായിട്ടുണ്ട്'.