ജന്തര് മന്തറില് ദേശീയ പതാക വീശിയതിന് സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയില് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഭിജിത് ദിപ്കെ. എപ്പോഴാണ് ത്രിവര്ണ്ണ പതാക വീശുന്നത് കുറ്റകരമായത് എന്നും ദേശീയ പതാക പ്രദര്ശിപ്പിക്കുന്നത് കുറ്റമായി കാണാന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര് 16-ന് ഡല്ഹിയിലെ കണാട്ട് പ്ലേസ് സെന്ട്രല് പാര്ക്കില് ദേശീയ പതാകയുമായി ഒത്തുചേരാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
ഡല്ഹിയിലേക്ക് വരാന് കഴിയാത്തവരോട് അവരവരുടെ നഗരങ്ങളില് സമാനമായ ഒത്തുചേരലുകള് സംഘടിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സെന്ട്രല് പാര്ക്കില് ദേശീയ പതാകയുമായി എത്തി തടവിലാക്കപ്പെട്ട പാര്ട്ടി നേതാക്കള്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിക്കാന് അനുയായികളോടും അദ്ദേഹം അഭ്യര്ത്ഥിച്ചു. ഡല്ഹിക്ക് പുറത്തുള്ളവരോടും ഒക്ടോബര് 16-ന് വൈകുന്നേരം 5 മണിക്ക് അവരവരുടെ നഗരങ്ങളില് സമാനമായ ഒത്തുചേരലുകള് നടത്താന് അദ്ദേഹം ആവശ്യപ്പെട്ടു.
ത്രിവര്ണ പതാക ദേശീയ അഭിമാനത്തിന്റെ പ്രതീകമാണെന്നും, നിയമനടപടി നേരിടേണ്ടിവരുമെന്ന ഭയമില്ലാതെ ആളുകള്ക്ക് അത് വീശാന് കഴിയണമെന്നും അദ്ദേഹം സോഷ്യല് മീജിയയില് പങ്ക് വെച്ച സന്ദേശത്തില് പറഞ്ഞു. ഈ ഒത്തുചേരലിന് ശേഷം താനും അറസ്റ്റിലായേക്കാമെന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും ദിപ്കെ പറഞ്ഞു
ഇതിനുശേഷം എന്നെയും ജയിലിലേക്ക് അയച്ചേക്കാം, പക്ഷേ അതില് എനിക്ക് ആശങ്കയില്ല. ത്രിവര്ണ്ണ പതാക എന്റെ അഭിമാനമാണ്, ഞാന് അത് വീശുന്നത് തുടരും,' അദ്ദേഹം പറഞ്ഞു. ജന്തര് മന്തറില് ദേശീയ പതാക വീശിയതിന് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരിക്കുകയാണ്. കനത്ത ബാരിക്കേഡുകളും ശക്തമായ സുരക്ഷാ സന്നാഹങ്ങളും ഉണ്ടായിരുന്നിട്ടും സിജെപി നേതാക്കള് ജന്തര് മന്തറിലെത്തിയിരുന്നു.
ഭീരുക്കളെപ്പോലെ പൊലീസിന് പിന്നില് ഒളിക്കുന്നത് അവസാനിപ്പിക്കൂ. ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ഈ രാജ്യത്ത് വിയോജിപ്പുകള് അനുവദിക്കില്ലെന്നും പ്രതിഷേധങ്ങള് അനുവദിക്കില്ലെന്നും തുറന്നു പറയുകയും ചെയ്യൂ. ഇനി മുതല് ഈ രാജ്യത്ത് 'ഹര് ഹര് മോദി, ഘര് ഘര് മോദി' എന്ന മുദ്രാവാക്യം മാത്രമേ അനുവദിക്കൂ എന്ന് പ്രഖ്യാപിക്കൂ.