വെസ്‌റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും തീവ്രമായ ബോംബാക്രമണം ആരംഭിച്ചതോടെയാണ് പലസ്‌തീനികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. “യുദ്ധം നിർത്തുക”, “ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്‌ത ബാനറുകളുമായി നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. കൂടുതലും പുരുഷന്മാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. “ഹമാസ് പുറത്തുപോവുക” എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ ഹമാസ് കായികമായി നേരിട്ടതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് തീവ്രവാദികൾ, പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും, ഇതിനിടയിൽ പലരെയും ആക്രമിക്കുകയും ചെയ്‌തതായാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് തങ്ങൾ ഒരുമിച്ചെത്തിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ ആരാണ് ഇത് സംഘടിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനങ്ങൾ അവശരാണെന്നും ഇനിയും യുദ്ധം തുടരാൻ കഴിയില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
ബെയ്ത്ത് ലാഹിയയിൽ മാത്രമല്ല മറ്റിടങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ഡസൻ കണക്കിന് പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് കാണാമായിരുന്നു.