30 in Thiruvananthapuram

കയറ്റുമതിയെ ബാധിച്ചേക്കും; യുഎസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറക്കാൻ ഇന്ത്യ …

Posted by: TV Next March 26, 2025 No Comments

ഡൽഹി: ഇറക്കുമതി തീരുവ സംബന്ധിച്ച യുഎസ് വിമർശനങ്ങൾക്കിടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം. ഏപ്രിൽ 2 മുതൽ ഇന്ത്യക്ക് മേൽ പകരത്തിന് തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട നീക്കം.

 

 

പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 55 ശതമാനം ഉത്പന്നങ്ങളുടെ നികുതി കുറക്കാൻ ഇന്ത്യ തയ്യാറാണ്. നിലവിൽ ഈ ഉത്പന്നങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെയാണ് താരിഫ് ഈടാക്കുന്നത്. പുതിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറച്ചേക്കും. ചില ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇല്ലാതാക്കും. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല.

 

 

 

യുഎസിന് മേൽ ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് നേരത്തേ തന്നെ ട്രംപ് ആവർത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും സഖ്യകക്ഷിയാണെന്നും ആവർത്തിക്കുമ്പോഴും ഇറക്കുമതി തീരുവയിൽ ഇന്ത്യ തങ്ങളോട് കാണിക്കുന്നത് ശത്രുതയാണെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. തീരുവ കുറക്കാൻ തയ്യാറായില്ലെങ്കിൽ പകരത്തിന് പകരം എന്ന നിലയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം വാഷിംഗ്ടൺ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎസ് പകരം തീരുവ ഏർപ്പെടുത്തുന്നതിന് മുൻപ് തന്നെ കരാർ ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. നേരത്തേ മെക്സിക്കോ, കാനഡ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്ക് മേൽ യു എസ് പകരം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. 25 ശതമാനത്തിന് മുകളിൽ തീരുവയാണ് ഏർപ്പെടുത്തിയത്. ഇതിന് പകരമായി യുഎസ് ഉത്പന്നങ്ങൾക്കും തീരുവ ഈടാക്കുമെന്ന് മെക്സിക്കോ ഒഴികെയുള്ള രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.